വാഷിങ്ടണ്‍: കോപ്പ അമേരിക്ക ഫുട്ബാളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇക്വഡോറിനെതിരെ യുഎസ്എക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് യുഎസ്എ ഇക്വഡോറിനെ തകര്‍ത്തത്. ഇക്വഡോറിനെതിരായ വിജയത്തോടെ യുഎസ്എ സെമി ഫൈനല്‍ ഉറപ്പിച്ചു.
മത്സരം തുടങ്ങി 22ാം മിനിട്ടില്‍ യുഎസ്എയുടെ ആദ്യ ഗോള്‍ വീണു. ജെര്‍മിയന്‍ ജോണ്‍സ് നല്‍കിയ പാസില്‍ മധ്യഭാഗത്തു നിന്നുള്ള ഹെഡറിലൂടെയാണ് ക്ലിന്റ് ഡെംപ്‌സെ ഇക്വഡോര്‍ വല ചലിപ്പിച്ചത്. 65ാം മിനിട്ടില്‍ യുഎസ്എ ഗോള്‍ ആവര്‍ത്തിച്ചു. ഗ്യാസി സര്‍ഡേസാണ് രണ്ടാം ഗോള്‍ നേടിയത്. ക്ലിന്റ് ഡെംപ്‌സെയുടെ പാസില്‍ നിന്ന് ഗ്യാസി സര്‍ഡേസ് തൊടുത്ത വലതുകാല്‍ ഷോട്ടാണ് ഗോളായത്.
രണ്ടാം പകുതിയില്‍ 74ാം മിനിട്ടിലെ ഗോളോടെ ഇക്വഡോര്‍ തിരിച്ചടിച്ചു. വാള്‍ട്ടര്‍ അയോവിയുടെ പാസില്‍ മൈക്കല്‍ അറോയോ ആണ് ടീമിനായി ആശ്വാസ ഗോള്‍ നേടിയത്.