ഒര്‍ലാന്‍ഡോ: യുഎസിലെ ഫ്ളോറിഡയില്‍ സ്വവര്‍ഗ്ഗാനുരാഗികളുടെ നിശാക്ലബ്ബിലുണ്ടായ വെടിവെയ്പ്പിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തെങ്കിലും ഇവരുടെ അവകാശവാദം പൊള്ളയെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. സംഭവത്തിന് ഏതെങ്കിലും ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നുള്ളതിന് തെളിവുകളൊന്നും ഇല്ലെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അക്രമി നടത്തിയ വെടിവെപ്പില്‍ മരണസംഖ്യ 50 ആയി ഉയര്‍ന്നു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒര്‍ലാന്‍ഡോയിലെ പള്‍സ് നൈറ്റ് ക്ലബ്ബില്‍ പ്രാദേശിക സമയം ഇന്നലെ രണ്ട് മണിയോടെയാണ് സംഭവം നടന്നത്. തോക്കുമായി എത്തിയ അക്രമി പാര്‍ട്ടിയുടെ അവസാനഘട്ടത്തില്‍ നൃത്തം ചെയ്യുകയായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിവെപ്പ് ദുരന്തമാണിത്.
വെടിവെപ്പ് നടക്കുമ്പോള്‍ ഏകദേശം നൂറോളം പേരാണ് ക്ലബ്ബില്‍ ഉണ്ടായിരുന്നത്. വെടിയൊച്ച കേട്ടതൊടെ ആളുകള്‍ നിലത്ത് കിടന്നു. അക്രമി ഇടയ്ക്ക് വെടിവെപ്പ് നിര്‍ത്തിയത് കുറച്ച് പേര്‍ക്ക് രക്ഷപെടുന്നതിന് സാഹചര്യം ഉണ്ടാക്കി. ചിലരെ അക്രമി ബന്ദിയാക്കി വെച്ചു. പൊലീസ് വന്ന് അക്രമിയെ വധിച്ച ശേഷമാണ് ഇവരെ രക്ഷപെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി. തുടര്‍ന്ന് പൊലീസ് ക്ലബ്ബ് ഒഴിപ്പിച്ചു.