ദമാസ്‌കസിലെ മുസ്ലിംപള്ളിക്ക് സമീപം ഐഎസ് നടത്തിയ ഭീകരാക്രമണത്തില്‍ 20 മരണം; ഷിയാ വിഭാഗത്തിന്റെ ആരാധനാലയം ലക്ഷ്യം വച്ചായിരുന്നു ഇരട്ടസ്‌ഫോടനം

ദമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ മുസ്ലിം ഷിയാ വിഭാഗത്തിന്റെ പള്ളിക്ക് സമീപം ഐഎസ് നടത്തിയ ഭീകരാക്രമണത്തിലാണ് 20 പേര്‍ മരിച്ചത്. ശക്തിക്ഷയം സംഭവിച്ചെന്നു പറയുന്ന ഇസ്്ലാമിക് സ്റ്റേറ്റ് രാജ്യതലസ്ഥാനത്തിന് വിളിപ്പാടകലെയാണ് സ്ഫോടനം നടത്തിയത്. ദമാസ്‌കസിന് പത്ത് കിലോമീറ്റര്‍ അകലെ ഷിയാ വിഭാഗത്തിന്റെ പ്രമുഖ ആരാധനാലയം ലക്ഷ്യവച്ചായിരുന്നു ഇരട്ട സ്ഫോടനങ്ങള്‍. പ്രവാചകന്‍ മുഹമ്മദ് നബിയുടെ പേരക്കുട്ടിയുടെ കബറിടം ഉള്‍ക്കൊള്ളുന്ന ആരാധനാലയം തകര്‍ക്കുമെന്ന് നേരത്തെ ഐ.എസ് ഭീഷണി മുഴക്കിയിരുന്നു. ജനനിബിഡ മേഖലയില്‍ ചാവേറിനെക്കൂടാതെ കാറിനുള്ളിലും ബോംബ് സ്ഥാപിച്ചായിരുന്നു ആക്രമണം.

സ്ഫോടത്തില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. ശക്തമായ സുരക്ഷാ സംവിധാനം മറികടന്നായിരുന്നു സ്ഫോടനം. സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് ഈ മേഖല. ഇതേ ആരാധനാലയത്തിനു സമീപം കഴിഞ്ഞ ഫെബ്രുവരിയില്‍ 134 പേരുടെയും ജനുവരിയില്‍ 70 പേരുടെയും ജീവനെടുത്ത സ്ഫോടനങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയിരുന്നു. സിറിയയില്‍ യു.എസ്.അറബ് കുര്‍ദ് സഖ്യസേന ഇസ്ലാമിക് സ്റ്റേറ്റ് സ്വാധീനമേഖലകളില്‍ ആക്രമണം ശക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് സ്ഫോടനം. ശക്തമായ തിരിച്ചടികള്‍ക്ക് ഒരുങ്ങുകയാണ് സിറിയന്‍ ഭരണകൂടം.

© 2025 Live Kerala News. All Rights Reserved.