തിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് വാക്കുപാലിക്കുന്നു. യാത്രാപ്പടി ഇനത്തില്‍ മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ വ്യാജരേഖ സമര്‍പ്പിച്ചു ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് അദേഹം ഉത്തരവിട്ടു. ഇതു സംബന്ധിച്ച് ക്വിക്ക് വെരിഫിക്കേഷന്‍ ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടതായി മംഗളം പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. യുഡിഎഫ് മന്ത്രിസഭയുടെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ പദവികളിലിരിക്കേ ശക്തന്‍ പ്രതിമാസം ശരാശരി ഒരുലക്ഷം രൂപ ലഭിക്കത്തക്കവിധം വ്യാജബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ യാത്രാപ്പടി വാങ്ങിയതല്ലാതെ, പലയിടങ്ങളിലും അദ്ദേഹം പോകുകയുണ്ടായില്ലെന്നും ഇപ്രകാരം ഒരേദിവസം പലയിടങ്ങളില്‍ പോയെന്നവകാശപ്പെട്ട് ബില്‍ സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മന്ത്രിമാരും ഉള്‍പ്പെടെയുള്ള വിവിഐപികളുടെ യാത്രാവിവരങ്ങള്‍ സ്‌പെഷല്‍ ബ്രാഞ്ച് പോലീസിനെ അറിയിക്കണമെന്നാണു നിയമം. എന്‍ ശക്തന്‍ നല്‍കിയ രേഖകളും സമര്‍പ്പിച്ച ബില്ലുകളും തമ്മില്‍ പൊരുത്തക്കേട് കണ്ടെത്തിയതോടെയാണ് ഇക്കാര്യം ചര്‍ച്ചയായത്. ശക്തന്‍ ഡെപ്യൂട്ടി സ്പീക്കറും സ്പീക്കറുമായിരുന്ന കാലയളവിലെ യാത്രാരേഖകള്‍ വിവരാവകാശനിയമപ്രകാരം നല്‍കാനും സര്‍ക്കാര്‍ കൂട്ടാക്കിയിരുന്നില്ല.