മസ്‌ക്കത്ത്: എണ്ണ വിതരണ കരാര്‍ നേടുന്നതിന് കൈക്കൂലി നല്‍കിയ കേസില്‍ ഒമാനില്‍ ശിക്ഷിക്കപ്പെട്ട പ്രവാസി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദാലി ജയില്‍ മോചിതനായി. റംസാന്‍ മാസത്തോടനുബന്ധിച്ചുള്ള പൊതുമാപ്പിന്റ ഭാഗമായാണ് മോചനം. 2014 മാര്‍ച്ചില്‍ മസ്‌ക്കറ്റ് ക്രിമിനല്‍ കോടതിയാണ് ഇദ്ദേഹത്തെ ശിക്ഷിച്ചത്. 15 വര്‍ഷമായിരുന്നു ശിക്ഷാ കാലാവധി. കരാര്‍ നേടാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കിയെന്ന കേസില്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും മലയാളിയുമായ ഗള്‍ഫാര്‍ മുഹമ്മദാലിക്ക് 15 വര്‍ഷം തടവും 27 കോടി രൂപ പിഴയും മസ്‌കറ്റ് ക്രിമിനല്‍ കോടതി വിധിച്ചിരുന്നു. അഞ്ച് കേസുകളിലായി 1.7 മില്യണ്‍ ഒമാനി റിയാല്‍ (ഏകദേശം 27 കോടി രൂപ) പിഴയിട്ടിരുന്നത്. കേസില്‍ മാനേജര്‍ നൗഷാദിനും ഒന്നാം പ്രതിയായ സ്വദേശി ഉദ്യോഗസ്ഥനും ശിക്ഷ ലഭിച്ചിരുന്നു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എണ്ണപ്രകൃതി വാതക സ്ഥാപനമായ പെട്രോളിയം ഡവലപ്‌മെന്റ് ഓഫ് ഒമാനിലെ നിന്നും കരാറുകള്‍ നേടിയെടുക്കാന്‍ കൈക്കൂലി നല്‍കിയെന്ന കേസിലാണ് മുഹമ്മദാലി ശിക്ഷിക്കപ്പെട്ടത്. ജനുവരിയിലെ ശിക്ഷാ വിധിയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫാര്‍ എന്‍ജിനീയറിങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ്ങിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മുഹമ്മദാലി രാജിവച്ചിരുന്നു.