തിരുവനന്തപുരം: ആന്ധ്രയില്‍ നിന്നുള്ള അരിവരവ് കുറച്ചുകൊണ്ട് കൃത്രിമക്ഷാമം ഉണ്ടാക്കി സംസ്ഥാനത്ത് അരിവില കൂട്ടാന്‍ നീക്കം. ഒരാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചതോടെ മൊത്തവിപണിയില്‍ അരിവില അഞ്ചുരൂപവരെ വര്‍ധിച്ചു. ആന്ധ്രയില്‍ നിന്നുള്ള ലോബിയാണ് കൃത്രിമ അരിക്ഷാമത്തിന് പിന്നില്‍. 12 റാക്ക് അരിയാണ് ഒരുമാസം ആന്ധ്രയില്‍ നിന്ന് എത്തിയിരുന്നത്. ഒരു റാക്കില്‍ 2,500 ടണ്‍ വരെ. പക്ഷേ, കഴിഞ്ഞമാസം വന്നത് വെറും നാല് റാക്ക് മാത്രം. ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും ആന്ധ്രയില്‍ നിന്ന് കയറ്റിവിടുന്നില്ല. നെല്ലുല്‍പാദനം കുറഞ്ഞതുകൊണ്ടാണന്നാണ് വിതരണം കുറച്ചതെന്നാണ് മില്ലുടമകളുടെ വിശദീകരണം. എന്നാല്‍ കൃത്രിമക്ഷാമം സൃഷ്ടിച്ച് അരിവില കൂട്ടുകയാണ് മില്ലുടമകളുടെ ലക്ഷ്യം. കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ കുടിശിക നല്‍കാത്തതും ഇതിന് കാരണമായിട്ടുണ്ട്. ഈ അവസ്ഥ തുടര്‍ന്നാല്‍ വരുംദിവസങ്ങളില്‍ അരിവില കുത്തനെ വര്‍ധിച്ചേക്കുമെന്നാണ് വിവരം.