തിരുവനന്തപുരം:ഒമ്പതാമത് രാജ്യാന്തര ഡോക്യുമെന്ററിഹ്രസ്വചിത്രമേള ജൂണ്‍ 10 മുതല്‍ 14 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നീള തിയേറ്ററുകളിലാണ് നടക്കുക. ഡോക്യുമെന്ററി , ഹ്രസ്വ ചിത്രം,അനിമേഷന്‍, മ്യുസിക് , വീഡിയോ, കാമ്പസ് ഫിലിം വിഭാഗങ്ങളിലായി 79 ചിത്രങ്ങളാണ് മത്സര രംഗത്തുളളത്. വൈല്‍ഡ് ലൈഫാണ് ഈ വര്‍ഷത്തെ മേളയുടെ തീം. ഇന്ത്യയിലെ മികച്ച വൈല്‍ഡ് ലൈഫ് ഡോക്യുമെന്റി സംവിധായകരുമായ നരേഷ് ബേഡി, ശേഖര്‍ ദത്താത്രി, പ്രവീണ്‍ സിംഗ്, സന്ദേഷ് കടുര്‍, സുരേഷ് ഇളമണ്‍ എന്നിവരുടെ പ്രധാന ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. ഇവര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കിം. മേളയുടെ ഉദ്ഘാടനം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പ്രശസ്ത മണിപ്പുരി സംവിധായകന്‍ പത്മശ്രീ അരിബാം ശ്യാം ശര്‍മയുടെ ചിത്രങ്ങള്‍ റിട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് സംവിധായകനായ വാങ് ബിങ്, സഞ്ജയ് കാക്ക് എന്നിവരുടെ ചിത്രങ്ങളാണ് ഫിലിംമേക്കര്‍ ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള ഹ്രസ്വചിത്രങ്ങള്‍,പ്രമുഖ മറാത്തി സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണി ക്യുറേറ് ചെയ്ത ബീജ്, ലോകത്തിലെ ഏറ്റവും മികച്ച പരീക്ഷണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഓബര്‍ഹ്യുസൈന്‍ മേളയില്‍ നിന്നുളള തെരഞ്ഞടുക്കപ്പെട്ട ജര്‍മന്‍ ചിത്രങ്ങള്‍ എന്നിവയാണ് മേളയുടെ മുഖ്യ ആകര്‍ഷണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 120 ഓളം സംവിധായകരുടെ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ആകെ 204 ചിത്രങ്ങളാണ് അഞ്ച് ദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റ് ഫീസായി 100/രുപയും വിദ്യാര്‍ത്ഥികള്‍ക്ക് 50/ രൂപയുമാണ് അടയ്‌ക്കേണ്ടത്. ഓണ്‍ലൈനായോ നേരിട്ടോ തുക അടയ്ക്കാം. മീഡിയ രജിസ്‌ട്രേഷന്‍ നാളെ മുതല്‍ തുടങ്ങും