പരിസ്ഥിതിദിനത്തില്‍ വയനാട്ടില്‍ നിന്നൊരു വേലിതന്നെ വിളവ് തിന്നുന്ന വാര്‍ത്ത; പേര്യയില്‍ സ്വാഭാവിക വനം വെട്ടിവെളിപ്പിക്കുന്നത് വനംവകുപ്പ്; ഇനി ഇവിടെ വരാന്‍ പോകുന്നത് മോണോ പ്ലാന്റേഷന്‍

എസ്. വിനേഷ് കുമാര്‍

കല്‍പറ്റ: പരിസ്ഥിതി ദിനത്തില്‍ എല്ലാവരും മത്സരിച്ച് മരത്തൈ നടുമ്പോഴാണ് വയനാട്ടിലെ പേര്യ റേഞ്ചില്‍ സ്വാഭാവികവനം അമര്‍ച്ച ചെയ്തുകൊണ്ട് വനംവകുപ്പ് തന്നെ വ്യാവസായിക അടിസ്ഥാനത്തില്‍ മരത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ നീക്കം നടത്തുന്നത്. ഒരു വശത്ത് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാഭരണകൂടത്തിന്റെ നേതൃത്തില്‍ കോടികള്‍ ചിലവിട്ട് വൈവിധ്യമാര്‍ന്ന ലക്ഷക്കണക്കിന് ഓഷധ-ഫല നിത്യഹരിത തനത് വൃക്ഷത്തൈ വിതരണവും നടലും നടക്കുമ്പോഴാണ് വനംവകുപ്പിന്റെ മരക്കുരുതി പുറത്തുവരുന്നത്. നോര്‍ത്ത് വയനാട് (മാനന്തവാടി) വനം ഡിവിഷനു കീഴിലെ പേര്യറേഞ്ചില്‍ വന്‍ തോതില്‍ സ്വാഭാവിക വനം ഉള്‍പ്പെടെ വെട്ടിവെടിപ്പാക്കി മൊട്ടക്കുന്നാക്കി കഴിഞ്ഞിരിക്കുന്നു. വ്യാവസായിക ആവശ്യത്തിനുളള മഹാഗണിയും മറ്റ് രണ്ട് ഇനം വൃക്ഷങ്ങളും കൂടിയ മോണോ( ഏകവിള) പ്ലാന്റേഷനാണ് പകരം ഇവിടെ വനം വകുപ്പ് പ്ലാന്റ് ചെയ്യാന്‍ പോകുന്നത്. പേര്യറേഞ്ചില്‍ 215 ഏക്കര്‍ വനമേഖലയില്‍ 200 ഏക്കറിലും മോണോ പ്ലാന്റേഷനാണുള്ളത്.

forest
പതിനേഞ്ചക്കറോളം വരുന്ന അര്‍ധനിത്യഹരിതവനമാണിപ്പോള്‍ മോണോ പ്ലാന്റേഷന് വേണ്ടി വനംവകുപ്പ് തന്നെ തകര്‍ത്തിരിക്കുന്നത്. കൂടാതെ നിലവില്‍ മോണോ പ്ലാന്റേഷനായുള്ള 200 ഏക്കര്‍ വെട്ടിവെളിപ്പിച്ച് റീപ്ലാന്റിനൊരുങ്ങുന്നുണ്ട്. ഇവിടെയുള്ള കുറ്റിക്കാടുകള്‍പോലും തകര്‍ക്കപ്പെട്ടു. വയനാടിന്റെ പാരിസ്ഥിതിക തകര്‍ച്ചക്കും കാലവസ്ഥ വ്യതിയാനത്തിനും വന്യജീവി ആക്രമണത്തിനും വഴിവെയ്ക്കുന്ന മുഖ്യകാരണങ്ങളിലൊന്നാണ് സ്വാഭാവിക വനങ്ങള്‍ വെട്ടി മോണോപ്ലാന്റേഷന്‍ സ്ഥാപിച്ചത്.

3

തേക്ക്, യൂക്കാലിപ്റ്റ്‌സ്, അക്വേഷ്യ, തേക്ക് തുടങ്ങി നിലവിലുളള മോണോപ്ലാന്റേഷനുകളത്രയും പറിച്ചുമാറ്റി തല്‍സ്ഥാനങ്ങളില്‍ സ്വാഭാവികവനം പുന:സ്ഥാപിക്കണമെന്ന മുറവിളി വനരോദനമായിത്തുടരുന്നതിനിടെയാണ് വനംവകുപ്പ് തന്നെ കാടിന്റെ ഘാതകരാവുന്നത്. മോണോപ്ലാന്റേഷന്‍ ക്ലിയര്‍ ഫെല്‍ ചെയ്യുന്നതിന്റെ മറവില്‍ സ്വാഭാവിക വനവും കൂടി ഇല്ലാതാക്കി തല്‍സ്ഥാനത്ത് വീണ്ടും മോണോപ്ലാന്റേഷന്‍ തന്നെ നടത്താന്‍ നോര്‍ത്ത് വയനാട് ഡിഎഫ്ഒയാണ് ചരടുവലിച്ചത്. സംഭവം പുറത്തെത്തിയെങ്കിലും മുഖ്യധാരാമാധ്യമങ്ങളും പരിസ്ഥിതിപ്രവര്‍ത്തകരുമെല്ലാം പതിവ് ആലസ്യം വിട്ടുണര്‍ന്നിട്ടില്ല.

© 2025 Live Kerala News. All Rights Reserved.