റഷ്യന്‍ പിന്തുണയോടെ റഖായിലെ ഐഎസ് കേന്ദ്രം തകര്‍ക്കാന്‍ സിറിയ മുന്നേറ്റം തുടങ്ങി; പ്രധാനപാത സൈന്യം വളഞ്ഞു; വീഡിയോ കാണാം

ദമസ്‌കസ്: റഷ്യന്‍ പിന്തുണയോടെ റഖായിലെ ഐ.എസ് ശക്തികേന്ദ്രം സിറിയന്‍ സൈന്യം വളഞ്ഞു. ഐഎസ് സ്വയംഭരണം പ്രഖ്യാപിച്ച മേഖലകളില്‍ മൂന്നാംതവണയാണ് സൈന്യം തിരിച്ചടിക്കാനുള്ള ശ്രമം തുടരുന്നത്. ഐ.എസിന് ഏറ്റവും സ്വാധീനമുള്ള തബ്ഖ മേഖലയിലാണ് സൈന്യം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. റഖായിലേക്കുള്ള പ്രധാന പാത കടന്നുപോകുന്നത് ഈ നഗരത്തില്‍ കൂടിയാണ്. സിറിയക്ക് പുറത്തുള്ള രാജ്യങ്ങളില്‍ ആക്രമണം നടത്താനുള്ള പ്രധാനകേന്ദ്രമായി ഐഎസ് തെരഞ്ഞെടുത്തിരിക്കുന്നതും ഈ നഗരം തന്നെയാണ്. റഖായ്ക്ക് സമീപത്തെ കിഴക്കന്‍ സിറിയയിലെ ഹമാ പ്രവിശ്യയില്‍ റഷ്യ ശക്തമായ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. വെള്ളിയാഴ്ച മുതല്‍ റഷ്യന്‍ പിന്തുണയോടെ മേഖലയില്‍ സര്‍ക്കാര്‍ സൈന്യവും ഐഎസും തമ്മിലെ പോരാട്ടം രൂക്ഷമായി തുടരുകയാണെന്ന് നിരീക്ഷകസംഘങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ 26 ഐ.എസ് ഭീകരരും ഒമ്പത് സൈനികരും കൊല്ലപ്പെട്ടു. സാകിയ നഗരത്തിനടുത്ത് സൈനികര്‍ കൊലപ്പെടുത്തിയ ഐഎസ് ഭീകരരുടെ ഗ്രാഫിക് ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. 28 ഗ്രാമങ്ങള്‍ ഐ.എസില്‍നിന്ന് സൈന്യം തിരിച്ചുപിടിച്ചതായും യസീദി ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട നിരവധി സ്ത്രീകളെ മോചിപ്പിച്ചതായും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഈ മേഖലകളിലെ ഐ.എസിന്റെ ആയുധശാലകളും ഭൂഗര്‍ഭപാതകളുമുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. വന്‍ പ്രഹരിശേഷിയുള്ള ആയുധങ്ങള്‍ ഐഎസിന്റെ കയ്യിലുമുണ്ടെന്നിരിക്കെ പോരാട്ടം ശക്തമാകും.

https://www.youtube.com/watch?v=9jLpR-zJBCw

© 2025 Live Kerala News. All Rights Reserved.