കൊച്ചി: ചെരുപ്പ് വാങ്ങാന്‍ വഴിയില്ലാത്തതായിരുന്നു കുട്ടിക്കാലമെന്നും പിന്നെയത് ശീലമായെന്നും സിപിഎം വയനാട് ജില്ലാസെക്രട്ടറിയും കല്‍പറ്റ എംഎല്‍എയുമായ സികെ ശശീന്ദ്രന്‍. ഈ ജീവിത രീതി പാര്‍ട്ടി ജീവിതം തന്നതാണ്. ചെരിപ്പിടാത്തത് ഒരു പ്രത്യേകതയായി കാണേണ്ട കാര്യമില്ലെന്നും പൊതുജീവിതത്തോട് നീതി ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. തന്റെ പൊതുജീവിതം ഒരു തുറന്ന പുസ്തകമാണ്. സ്‌കൂള്‍ ജീവിതം തൊട്ട് ചെരിപ്പിട്ടിട്ടില്ല. ജനത്തെ വിശ്വാസത്തിലെടുത്ത് വേണം പരിസ്ഥിതി രാഷ്ട്രീയം. പശ്ചിമഘട്ട സംരക്ഷണത്തിന് ആരും എതിരല്ല. എന്നാല്‍ ഇതൊരു എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നടപ്പാക്കാനാവില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കൊണ്ട് അവരുടെ പങ്കാളിത്തത്തോടെയാകണം പരിസ്ഥിതി സംരക്ഷണമെന്നും അദ്ദേഹം പറഞ്ഞു.
വയനാടിന്റെ പാരിസ്ഥിതിക വിഷയത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ടൂറിസം. ടൂറിസം വേണ്ടെന്ന അഭിപ്രായമില്ല. ഫാം ടൂറിസം, എക്കോ ടൂറിസം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഈ മണ്ണിന് പറ്റുന്നതായിരിക്കണം വികസനം. പരിസ്ഥിതിക്കും മണ്ണിനും കര്‍ഷകനും ഇടമുളളതാക്കി നമ്മുടെ വികസന കാഴ്ചപ്പാടുകള്‍ മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്ക് വേണ്ടി മറ്റുളളവര്‍ കാര്യങ്ങളെല്ലാം ചെയ്യുന്ന രീതി മാറണം. അവര്‍ക്ക് വേണ്ടി മറ്റുളളവര്‍ കാര്യങ്ങള്‍ ചെയ്യുക, അവരുടെ വേദന വിളിച്ചു പറയുക എന്നിങ്ങനെയുളള നെഹ്‌റുവിയന്‍ കാഴ്ചപ്പാടുകള്‍ മാറി അവരെ സ്വയം പര്യാപ്തരാക്കണമെന്നും ശശീന്ദ്രന്‍ പറയുന്നു.