ബാംഗ്ലൂര്‍: രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് കര്‍ണാടകത്തിലെ എംഎല്‍എമാര്‍ കോഴ ചോദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇന്ത്യാടുഡേ ചാനലിന്റെ സ്്റ്റിംഗ് ഓപ്പറഷനിലാണ് എംഎല്‍എമാര്‍ കുടുങ്ങിയത്. ജനതാദള്‍ (എസ്) എംഎല്‍എമാരായ മല്ലികാര്‍ജുന കുബെ, ജിടി ദേവഗൗഡ, കെജെപിയുടെ ബിആര്‍ പാട്ടീല്‍, സ്വതന്ത്ര എംഎല്‍എ വര്‍ത്തൂര്‍ പ്രകാശ് എന്നിവര്‍ പണം ആവശ്യപ്പെടുന്നതിന്‍രെ ദൃശ്യങ്ങളാണ് ഇന്ത്യാടുഡേ പുറത്തുവിട്ടത്. വോട്ട് ചെയ്യാന്‍ അഞ്ചുകോടി രൂപയാണ് എംഎല്‍എയായ മല്ലികാര്‍ജുന കുബെ ആവശ്യപ്പെടുന്നത്. മറ്റ് എംഎല്‍എമാരും തങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ ചെലവായ അത്രയും തുക, അതായത് അഞ്ച് കോടിക്ക് മുകളിലുള്ള തുക ആവശ്യപ്പെടുന്നതായി ദൃശ്യങ്ങളില്‍ കാണാം. കര്‍ണാടകത്തില്‍ ഒഴിവു വരുന്ന നാലു രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 11നാണ് വോട്ടെടുപ്പ്. ഇതില്‍ നാലാമത്തെ സീറ്റിലേക്ക് കോണ്‍ഗ്രസിന്റെ മൂന്നാമത്തെ സ്ഥാനാര്‍ഥി കെസി രാമമൂര്‍ത്തിയും ജനതാദള്‍ എസ് സ്ഥാനാര്‍ഥി ബിഎം ഫറൂഖും തമ്മിലാണ് കടുത്ത മത്സരം. 44 അംഗങ്ങളുള്ള ബിജെപിക്ക് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ വിജയിപ്പിക്കാന്‍ ഒരംഗത്തിന്റെ പിന്തുണ കൂടി വേണം. സംഭവം കര്‍ണ്ണാടകയില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിട്ടുണ്ട്.