കലിഫോര്‍ണിയ സര്‍വകലാശാലയില്‍ വെടിവെപ്പ്; വിദ്യാര്‍ഥിയും പ്രൊഫസറും കൊല്ലപ്പെട്ടു

കലിഫോര്‍ണിയ: കലിഫോര്‍ണിയ സര്‍വകലാശാലയുടെ ലൊസാഞ്ചലസ് ക്യാംപസില്‍ വെടിവെപ്പില്‍ രണ്ടു മരണം. വിദ്യാര്‍ഥി പ്രൊഫസറെ വെടിവച്ചുകൊന്നു. തുടര്‍ന്ന് വെടിവച്ച വിദ്യാര്‍ഥിയും ആത്മഹത്യചെയ്തു. ക്യാംപസിലെ എഞ്ചിനിയറിങ് വിഭാഗത്തിലെ പ്രഫസര്‍ വില്യംസ് ക്ലഗ്ഗിനെയാണ് വിദ്യാര്‍ഥി വെടിവച്ചുകൊന്നത്. കുറിപ്പ് എഴുതിവച്ചശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനിയറിങ് കെട്ടിടത്തിലാണ് വെടിവയ്പ്പുണ്ടായത്. ഇവിടെ നിന്ന് രണ്ട് മൃതദേഹങ്ങളും തോക്കും കണ്ടെത്തി. പ്രാദേശിക സമയം രാവിലെ പത്തുമണിക്കാണ് സംഭവമുണ്ടായത്.
സംഭവം നടന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി ക്യാംപസില്‍ നിന്നും വിദ്യാര്‍ഥികളെ സുരക്ഷിതമായി പുറത്താക്കി. സുരക്ഷിതത്വം ഉറപ്പാകുന്നതുവരെ സമീപ പ്രദേശങ്ങളിലെ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും ക്യാംപസിലുണ്ടായിരുന്നവരെ പരിശോധിക്കുകയും ചെയ്തു. സംഭവം കൊലപാതകത്തിനുശേഷമുള്ള ആത്മഹത്യയാണെന്ന് വ്യക്തമായതോടെ സര്‍വകലാശാല സുരക്ഷിതമാണെന്ന് പൊലീസ് പ്രഖ്യാപിക്കുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.