സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു; വാശിപിടിച്ച് ഡിജിപി സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ല; നിയമ നടപടി സ്വീകരിക്കുമെന്നും ടിപി സെന്‍കുമാര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയില്‍ അതൃപ്തി വ്യക്തമാക്കി സെന്‍കുമാറിന്റെ പരസ്യപ്രതികരണം. ക്രമസമാധാന ചുമതലയില്‍ നിന്നും തന്നെ മാറ്റിയ പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ ആഞ്ഞടിച്ചു ഡിജിപി ടിപി സെന്‍കുമാര്‍. വാശിപിടിച്ച് ഡിജിപി ആയിരിക്കുന്നതില്‍ അര്‍ത്ഥമില്ല. സര്‍ക്കാര്‍ നിലപാട് മാന്യമായി അറിയിക്കാമായിരുന്നു. മാറ്റിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സെന്‍കുമാര്‍ പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ രീതിയില്‍ നിയമപരമായ പിശകുണ്ടെന്ന് സെന്‍കുമാര്‍.

സ്ഥാനമാറ്റം സുപ്രീംകോടതി വിധിക്കും പൊലീസ് ആക്ടിനും എതിരാണ്. ഇക്കാര്യത്തില്‍ നിയമനടപടി സ്വീകരിക്കും. സര്‍ക്കാര്‍ നീക്കത്തില്‍ നിയമവിരുദ്ധമായി പലതുമുണ്ട്. ലോക്‌നാഥ് ബെഹ്‌റയല്ല സെന്‍കുമാര്‍. ബെഹ്‌റയെ വേണ്ടവര്‍ക്ക് അതാകാം. സര്‍ക്കാരിന് ആവശ്യം ബെഹ്‌റയെ ആയിരിക്കും. ബെഹ്‌റയെ പോലെ ആകാന്‍ താനില്ല. തന്നെ ഇഷ്ടമില്ലെങ്കില്‍ സര്‍ക്കാരിന് പറയാമായിരുന്നു. ചുമതലയില്‍ നിന്ന് തന്നെ മാറ്റിയ ഉത്തരവ് കിട്ടിയിട്ടില്ല. സര്‍വീസ് ചട്ടങ്ങള്‍ പൂര്‍ണമായി ലംഘിക്കപ്പെട്ടു. സര്‍ക്കാരിന് താല്‍പ്പര്യമില്ലാതെ തുടരാനില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.