വിവാഹ നിശ്ചയ ചടങ്ങിന്റെ ഫോട്ടോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍; പ്രിയാ മണി ചിത്രം നീക്കം ചെയ്തു; ഇത് എന്റെ ജീവിതമാണ് എല്ലാവരോടും മറുപടി പറയേണ്ട ബാധ്യതയില്ലെന്ന് താരം

ബാംഗ്ലൂര്‍:പ്രിയാ മണിയുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ ഫോട്ടോയ്ക്ക് കീഴില്‍ നെഗറ്റീവ് കമന്റുകള്‍ നിറഞ്ഞതോടെ താരം ചിത്രം നീക്കം ചെയ്തു. കഴിഞ്ഞ ദിവസമാണ് പ്രിയാ മണിയുടെയും കാമുകന്‍ മുസ്തഫ രാജിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ചടങ്ങിന്റെ ചിത്രം ഇന്ന് പ്രിയാ മണി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു.
ചിത്രം പോസ്റ്റ് ചെയ്തയുടന്‍ നെഗറ്റീവായ കമന്റുകളില്‍ ചിത്രത്തില്‍ നിറഞ്ഞു. ഇതില്‍ മനംമടുത്താണ് പ്രിയാ മണി ചിത്രം നീക്കം ചെയ്തത്. എല്ലാവരുടെയും അനുഗ്രഹം പ്രതീക്ഷിച്ച് പോസ്റ്റ് ചെയ്ത ചിത്രത്തിന് ലഭിച്ച നെഗറ്റീവ് കമന്റുകള്‍ തന്നെ ഞെട്ടിച്ചുവെന്ന് പ്രിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇത് തന്റെ ജീവിതമാണെന്നും മാതാപിതാക്കളോടും പ്രതിശ്രുത വരനോടും അല്ലാതെ മറ്റാരോടും മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ലെന്നും പ്രിയാ മണി പറഞ്ഞു.
ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ. ഈ വര്‍ഷം അവസാനം ഇരുവരുടെയും വിവാഹം നടക്കും. ഐ.പി.എല്ലിനിടെയാണ് ഇരുവരും കണ്ടു മുട്ടിയത്. മുസ്തഫയുടെ ഹ്യുമര്‍ സെന്‍സും സത്യസന്ധതയുമാണ് തന്നെ ആകര്‍ഷിച്ചതെന്ന് പ്രിയാ മണി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.