കൊച്ചി: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലെ പരിശോധനയിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് കൈമാറി. അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക്. നേരത്തെ കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയിലും മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം സംശയിച്ചിരുന്നു. മണി മരിച്ചിട്ട് മൂന്ന് മാസമായിട്ടും രാസപരിശോധനയുടെ ഫലം ലഭിക്കാത്തത് മൂലം അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. ഇതുവരെയുള്ള അന്വേഷണത്തില്‍ കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ മരണകാരണത്തില്‍ വ്യക്തതയുണ്ടാവു എന്ന നിലപാടിലായിരുന്നു പൊലീസ്. വിഷമദ്യത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിയാനായതോടെ മണിയുടെ മരണത്തിലെ ദുരൂഹത അകറ്റാനാകുമെന്നാണ് കരുതുന്നത്.
മാര്‍ച്ച് ആറിന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മണി മരിച്ചത്. ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയം പറഞ്ഞതിനെത്തുടര്‍ന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് കാക്കനാട്ടെ ഫോറന്‍സിക് ലാബില്‍ നടത്തിയ രാസപരിശോധനയില്‍ മണിയുടെ ശരീരത്തില്‍ കൃഷി ആവശ്യത്തിനായി ഉപയോഗിക്കുന്ന ക്ലോര്‍ പിരിഫോസ് എന്ന കീടനാശിനിയുടെ അംശവും വിഷമദ്യത്തിലുണ്ടാകുന്ന മെഥനോള്‍, എഥനോള്‍ എന്നിവയുടെ അംശവും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൂടുതല്‍ പരിശോധനയ്ക്കാണ് ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ ഹൈദരാബാദിലെ കേന്ദ്ര ഫോറന്‍സിക് ലാബിലേക്ക് അയച്ചത്.