തിരുവനന്തപുരം: ക്യാബിനറ്റ് റാങ്കിലുള്ള പദവി ആവശ്യപ്പെട്ട് കുറിപ്പ് തയ്യാറാക്കി തനിക്ക് നല്‍കിയത് വിഎസ് അച്യുതാനന്ദന്‍ ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. വിഎസിന്റെ പദവികള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും ഇക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി. കുറിപ്പ് വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫാണ് തനിക്ക് കൈമാറിയതെന്ന് യെച്ചൂരി പറഞ്ഞു. പദവികള്‍ സംബന്ധിച്ച് ഇത്തരത്തില്‍ നിര്‍ദ്ദേശം ഉണ്ടെന്ന് വിഎസ് കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പിബി അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് യെച്ചൂരി വെളിപ്പെടുത്തി. ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിഎസിന്റെ കയ്യില്‍ ഇരുന്ന ഒരു കുറിപ്പ് ഇന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് യെച്ചൂരി ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. കുറിപ്പ് നേരത്തെ വിഎസ് തനിക്ക് നല്‍കിയതാണെന്നും ചടങ്ങിനിടെ അത് താന്‍ വിഎസിന് തിരിച്ച് നല്‍കുക മാത്രമാണ് ചെയ്തതെന്നും യെച്ചൂരി വ്യക്തമാക്കി. ഇംഗ്ലീഷില്‍ ഉള്ള കുറിപ്പില്‍ ക്യാബിനറ്റ് റാങ്കോടെ സര്‍ക്കാരിന്റെ ഉപദേശക പദവി, എല്‍ഡിഎഫ് ചെയര്‍മാന്‍, സിപിഐഎം സെക്രട്ടേറിയേറ്റില്‍ പുന:പ്രവേശനം എന്നീ കാര്യങ്ങളാണ് എഴുതിയിരുന്നത്. ഇതില്‍ ഏതെങ്കിലും ഒന്ന് തനിക്ക് ലഭിക്കണമെന്ന ആവശ്യമാണ് വിഎസ് ഉന്നയിച്ചതെന്നാണ് ഇപ്പോള്‍ തെളിയുന്നത്. വിഎസിന്റെ മകന്‍ അരുണ്‍കുമാറാണ് കുറിപ്പെഴുതിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്നത്.