ന്യുഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും പുറത്തിറങ്ങുന്ന പ്രമുഖ ദേശീയ പത്രങ്ങളിലെല്ലാംതന്നെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ പരസ്യമാണ്. കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കാന്‍ പ്രതിജ്ഞാബദ്ധമാണ് പുതിയ തൊഴിലാളി വര്‍ഗ സര്‍ക്കാര്‍ എന്ന ലേബലിലാണ് പരസ്യം. പിണറായി വിജയന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ കേരളത്തില്‍ ചുമതലയേല്‍ക്കുന്നതിന്റെ വിളംബരമാണ് പരസ്യം. പ്രമുഖ ദേശീയ പത്രങ്ങളെ ചുവപ്പ് ഛായയില്‍ മുക്കി ഒന്നാം പേജില്‍ പിണറായി വിജയന്റെ ചിത്രത്തോടൊപ്പം ഉള്ളത് ഒരു ഫുള്‍ പേജ് പരസ്യമാണ്. കേരള പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ‘ദൈവത്തിന്റെ സ്വന്തം നാടാ’ക്കാന്‍ കമ്മ്യൂണിസ്റ്റ് സഹായമെന്ന് പരിഹസിക്കുന്നവരും കുറവല്ല. എന്നാല്‍ ആ അക്ഷരങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന വിപ്ലവ ചിന്താഗതി കണ്ടെത്തുന്നവരും. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ പത്രങ്ങളിലാണ് പരസ്യം വന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചകളാണ് ഈ സംഭവത്തില്‍ നടക്കുന്നത്.