അധികാരമേല്‍ക്കുന്നത് എല്ലാവരുടേയും സര്‍ക്കാര്‍; ജാതിമത, കക്ഷി രാഷ്ട്രീയ വ്യത്യാസമുണ്ടാകില്ലെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നാളെ സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കുന്നത് എല്ലാവരുടേയും സര്‍ക്കാരായിരിക്കും ജാതിമത വ്യത്യാസവും കക്ഷി രാഷ്ട്രീയ വ്യത്യാസവും ഉണ്ടാകില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നന്മയുടെ നല്ല നാളിനായി എല്ലാവരും ഒരുമിച്ച പ്രവര്‍ത്തിക്കണമെന്നും പിണറായി. എല്ലാവരുടേയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും. പൊതുസമൂഹത്തിന്റെ മനസ്സ് ഒപ്പമുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് വകുപ്പുകള്‍ വ്യക്തമാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

തന്റെ ആളുകളെന്ന് പറഞ്ഞ് നടക്കുന്ന ചില അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു. ഇന്ന് തന്റെ പിറന്നാളാണെന്ന് വെളിപ്പെടുത്തിയാണ് പിണറായി വിജയന്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. ഔദ്യോഗിക രേഖകള്‍ പ്രകാരം ജനനതീയ്യതി മാര്‍ച്ച് 21നാണെങ്കിലും താന്‍ ജനിച്ചത് മെയ് 24നാണെന്ന് പിണറായി വിജയന്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്റെ ജന്മദിനം വളരെ രഹസ്യമാണ്. കുടുംബാഗങ്ങള്‍ക്കല്ലാതെ നിഴലുപോലെ കൂടെ നടക്കുന്ന സഖാക്കള്‍ക്ക് പോലും പിണറായിയുടെ ജനന തിയ്യതി അറിയില്ല. എവിടെ നിന്നൊക്കയോ കേട്ട വിവരങ്ങളനുസരിച്ച് ചിലര്‍ ചോദിയ്ക്കും 1944, മാര്‍ച്ച് 21നല്ലേ സഖാവിന്റെ ജന്മദിനം എന്ന്. അപ്പോള്‍ പിണറായി പറയും അതിന്റെ പിറകെ പോകണ്ട, അത് സത്യമല്ല എന്ന്. പണ്ടൊക്കെ സ്‌കൂളില്‍ ചേര്‍ക്കാന്‍ പോകുമ്പോള്‍ അധ്യാപകരാണ് കുട്ടികളുടെ ജനന തിയ്യതി കുറിയ്ക്കുന്നത്. മിക്കവരുടെയും ജനനം മാര്‍ച്ചിലായതുകാരണം, എനിക്കും ആ തീയ്യതി എഴുതുകയായിരുന്നു. അപ്പോള്‍ അത്രയും പുറത്ത് പറയാന്‍ കഴിയാത്ത ജന്മനാളാണോ എന്ന് ചോദിച്ചാല്‍ പിണറായി ഒന്ന് ചിരിയ്ക്കും. എന്നാല്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയാണ് അദ്ദേഹം തന്റെ ജനന തിയ്യതി വെളിപ്പെടുത്തിയിരിക്കുന്നത്.

© 2025 Live Kerala News. All Rights Reserved.