ഈ വനിതാരത്‌നങ്ങളില്‍ ആരൊക്കെ മന്ത്രിപഥത്തിലേറും? സാധ്യതപട്ടികയില്‍ രണ്ടുപേര്‍

തിരുവനന്തപുരം: യുഡിഎഫില്‍ കഴിഞ്ഞതവണ പി കെ ജയലക്ഷ്മി മാത്രമായിരുന്നു വനിതാപ്രതിനിധി. അതുകൊണ്ട് അവര്‍ മന്ത്രിയുമായി. എന്നാലിത്തവണ യുഡിഎഫിന് ഒരു പ്രതിനിധിപോലും നിയമസഭയിലേക്കില്ല. അതേസമയം എല്‍ഡിഎഫില്‍ നിന്ന് എട്ടുപേരുണ്ട്. എല്‍ഡിഎഫില്‍ നിന്ന് 17 ഉം യുഡിഎഫില്‍ നിന്ന് ഒമ്പതും വനിതാ സ്ഥാനാര്‍ഥികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. എന്‍ഡിഎയില്‍ സികെ ജാനു അടക്കം എട്ടു സ്ഥാനാര്‍ഥികളും. എന്നാല്‍ വിജയം എല്‍ഡിഎഫിലെ എട്ടു പേര്‍ക്ക് മാത്രം. സിപി എമ്മിന്റെ കെ കെ ശൈലജ, പ്രതിഭാ ഹരി, വീണ ജോര്‍ജ് , ജെ മേഴ്‌സിക്കുട്ടിയമ്മ, ഐഷാ പോറ്റി, സിപിഐയുടെ ഗീത ഗോപി, ഇ എസ് ബിജിമോള്‍, സി കെ ആശ എന്നിവരാണ് 14ാം മന്ത്രിസഭയിലെ ആ വനിതാ പ്രതിനിധികള്‍. കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് മാത്രമാണ് യു.ഡി.എഫ് ഇത്തവണ വനിതകള്‍ക്ക് നല്‍കിയത്. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും. രണ്ടുപേരും പരാജയപ്പെടുകയും ചെയ്തു. വനിതാ പ്രതിനിധികളുടെ കാര്യത്തില്‍ കഴിഞ്ഞ നിയമസഭയിലേതില്‍ നിന്നും ഒരു സീറ്റ് വ്യത്യാസമേ ഉള്ളൂ എങ്കിലും സാധാരണ ഗതിയില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം കാരണം വിട്ടുവീഴ്ചയ്ക്ക് തയ്യാറാവേണ്ടി വരുന്ന സര്‍ക്കാരുകള്‍ക്ക് വരാന്‍ പോകുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു അപവാദമാകും എന്നു തന്നെയാണ് പലരുടേയും വിശ്വാസം. വനിതകള്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക വകുപ്പ് നിലവില്‍ വരും എന്ന വാഗ്ദാനം എല്‍ഡിഎഫ് നല്‍കിയതിനാല്‍ത്തന്നെ സ്ത്രീജനങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കും, സ്ത്രീകള്‍ക്ക് പ്രാതിനിധ്യം എന്നിങ്ങനെ പല വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് ആഗതമാകുമ്പോള്‍ പാര്‍ട്ടികള്‍ നല്‍കാറുണ്ടെങ്കിലും പിന്നീടുള്ള കാലയളവില്‍ അതൊക്കെ പഴങ്കഥയാകുകയാണ് പതിവ്.

© 2025 Live Kerala News. All Rights Reserved.