ജനം വിധിയെഴുതി; പോളിംഗ് ശതമാനം 77.35; കൂടുതല്‍ പോളിംഗ് കോഴിക്കോട്;കുറവ് പത്തനംതിട്ടയില്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പില്‍ കനത്ത പോളിങ്. 77.35 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ പോളിംഗ് കോഴിക്കോട്.കുറവ് പത്തനംതിട്ടയില്‍. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ പലയിടങ്ങളിലും വന്‍ ക്യൂവാണ് കാണുന്നത്. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും മലയോരമേഖലകളിലും മന്ദഗതിയിലാണ് വോട്ടെടുപ്പ്. ഉമ്മന്‍ ചാണ്ടി, ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി, പിണറായി വിജയന്‍, പത്മജ വേണുഗോപാല്‍, എസ്.ശ്രീശാന്ത്, ഷിബു ബേബി ജോണ്‍, എ.കെ.ആന്റണി തുടങ്ങിയ പ്രമുഖര്‍ വോട്ടു രേഖപ്പെടുത്തി.
മഴയെ വകവെയ്ക്കാതെ വോട്ടര്‍മാര്‍ ബൂത്തിലേക്ക് പോകുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയായിരുന്നു്.
140 നിയോജകമണ്ഡലങ്ങളിലായി 1203 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. വോട്ടര്‍മാര്‍ 2.60 കോടി. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടര്‍മാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടര്‍ പട്ടികയിലുണ്ട്. രണ്ടരമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമാണ് ഇത്തവണ മൂന്നുമുന്നണികളും നടത്തിയത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും പുറമെ മൂന്നാം മുന്നണി എന്ന നിലയില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും പ്രചാരണരംഗത്ത് ശക്തമായിരുന്നു. അതിനാല്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. അതുകൊണ്ട് പോളിങ് ശതമാനം കൂടുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.

© 2025 Live Kerala News. All Rights Reserved.