കൊല്ലം: പത്തനാപുരത്ത് ഇടതു സ്ഥാനാര്‍ത്ഥി ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിന് ഇറങ്ങിയതിനെതിരെ രംഗത്ത് വന്ന നടന്‍ ജഗദീഷിന് ചുട്ടമറുപടിയുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. മോഹന്‍ലാല്‍ ഭയന്നാവും വന്നതെന്ന ജഗദീഷിന്റെ ആരോപണത്തിനാണ് മറുപടി. ബ്ലാക്ക്‌മെയിലോ? പോ മോനേ, ജഗദീഷേ. എന്നാണ് ബി ഉണ്ണിക്കൃഷ്ണന്‍ ഫെയ്ബുക്കില്‍ പോസ്റ്റിട്ടത്. ഗണേഷ് കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതില്‍ അതിയായ വേദനയുണ്ടെന്ന് പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജഗദീഷ് പറഞ്ഞിരുന്നു. പത്തനാപുരത്ത് നില്‍ക്കുന്നവരില്‍ മൂന്ന് പേരും നടന്‍മാരായതിനാല്‍ ആരുടെയും പക്ഷം പിടിക്കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനമെടുത്തിരുന്നു. ഇന്നസെന്റ് പാര്‍ട്ടി എംപിയായതിനാല്‍ പരിഭവമില്ല. തലേദിവസം വരെ തനിക്ക് പിന്തുണ നല്‍കിയവരാണ് മോഹന്‍ലാലും പ്രിയദര്‍ശനുമെന്ന് ജഗദീഷ് പറഞ്ഞു. പത്താനാപുരത്ത് താരങ്ങള്‍ എത്തിയതില്‍ പ്രതിഷേധിച്ച് നടന്‍ സലിം കുമാര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. പ്രിയദര്‍ശന് ഒപ്പമായിരുന്നു മോഹന്‍ലാല്‍ പത്താനാപുരത്ത് എത്തിയത്. താരപ്പോരാട്ടത്തിന് വേദിയാകുന്ന പത്തനാപുരത്ത് നടന്‍ ജഗദീഷ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ഭീമന്‍ രഘു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. ലാല്‍ വന്നതില്‍ ദു:ഖമില്ലെന്ന നിലപാടായിരുന്നു ഭീമന്‍ രഘുവിന്റേത്.