കോടതി ഉത്തരവുണ്ടായിട്ടും രക്ഷയില്ല; ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചില്ല; നാട്ടുകാര്‍ സംഘടിച്ചെതിര്‍ത്തതോടെ സംഘര്‍ഷമായി

മുംബൈ: കോടതി ഉത്തരവുമായി വന്നിട്ടും മഹാരാഷ്ട്രയില്‍ സ്ത്രീകളെ നാട്ടുകാര്‍ സംഘടിച്ച് തടഞ്ഞ് വച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കി. മഹാരാഷ്ട്രയിലെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്ന കോടതി ഉത്തരവുമായി എത്തിയവരെ ശനി ഷിന്‍ഗ്‌നാപൂര്‍ ക്ഷേത്രത്തിലാണ് നാട്ടുകാര്‍ തടഞ്ഞത്. അഹമ്മദ് നഗറിലുള്ള ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ ഭൂമാതാ ബ്രിഗേഡി എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിന്‍മേലാണ് ബോംബെ ഹൈക്കോടതി ഉത്തരവുണ്ടായത്. സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ 25 വനിതകളാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ഥിക്കാനുള്ള അവരുടെ ശ്രമം സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്നു സ്ഥിതി സംഘര്‍ഷത്തില്‍ കലാശിക്കുമെന്ന അവസ്ഥ വന്നപ്പോള്‍ പൊലീസ് തൃപ്തി ദേശായിയെയും സംഘത്തെയും സ്ഥലത്തുനിന്നു മാറ്റി. ആരാധനാലയങ്ങളില്‍ തുല്യആരാധനാ സ്വാതന്ത്ര്യം അനുവദിക്കും. സുരക്ഷ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലാ ഭരണാധികാരികള്‍ക്കു നിര്‍ദേശം നല്‍കുമെന്നും നിയന്ത്രണവും വിലക്കും ഏര്‍പ്പെടുത്തുന്നതിനെതിരെ മഹാരാഷ്ട്ര ഹിന്ദു ആരാധനാ നിയമപ്രകാരം നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആചാരങ്ങള്‍ മാറ്റാനാവില്ലെന്നാരോപിച്ചാണ് പുരുഷന്‍മാരായ വിശ്വാസികള്‍ സ്ത്രീകളെ തടഞ്ഞത്.

© 2025 Live Kerala News. All Rights Reserved.