ഫിലിം ഡെസ്‌ക്ക്
കൊച്ചി: വിഡി രാജപ്പന്‍ എന്ന അതുല്യപ്രതിഭയെ കേരളം തൊട്ടറിഞ്ഞത് കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കഥാപ്രസംഗങ്ങളിലൂടെയായിരുന്നു. നൂറോളം സിനിമകളില്‍ അഭിനയിച്ച രാജപ്പന്‍ അഭ്രപാളിയിലും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു. ഹാസ്യാത്മകമായ ശരീരഭാഷയും പ്രകടനത്തിലെ അസാധാരണത്വവും ഭാഷയുടെ നൈര്‍മല്യുമായിരുന്നു അദേഹത്തെ മറ്റുള്ള കലാകാരന്‍മാരില്‍ നിന്ന് വേറിട്ട് നടത്തിയത്. കോഴിയെയും തവളയേയും കഥാപാത്രങ്ങളാക്കി രാജപ്പന്‍ ശ്രുതി പിടിച്ചപ്പോള്‍ പാരഡി എന്ന വിനോദത്തിനു അംഗീകാരമായി.
‘ചികയുന്ന സുന്ദരി’ കോഴിയെ നായികയാക്കിയ കഥാപ്രസംഗം ആയിരുന്നു. ‘അവളുടെ പാര്‍ട്‌സുകള്‍’ ആകട്ടെ ഒരു കാറിന്റെ ആത്മകഥാ രൂപത്തിലാണ് മലയാളികളിലേക്ക് എത്തിയത്. ഓരോ കഥയിലും സമൂഹ്യപരമായ അനീതികളെ കണക്കിന് പരിഹസിച്ചാണ് വി ഡി രാജപ്പന്‍ മുന്നേറിയത്. മനുഷ്യരുടെ സ്വഭാവ വൈകല്യങ്ങളെ തുറന്നു കാട്ടാനും രാജപ്പന്റെ കഥാഖ്യാനങ്ങള്‍ പുറംപൂച്ചില്ലാതെ ജ്വലിച്ചുനിന്നു.
കഥാപ്രസംഗത്തിലെ ഗൗരവത്തെ എടുത്തു കളയാന്‍ വി സാംബശിവനൊക്കെ നേരത്തെ തന്നെ തുടക്കമിട്ടു എങ്കിലും രാജപ്പന്റെ ആഖ്യാനം സാധാരണക്കാരനെ പൊട്ടിചിരിപ്പിച്ചുകൊണ്ട് പിടിച്ചിരുത്തുന്നതായിരുന്നു. ആഘോഷ രാവുകളില്‍ രാജപ്പന്റെ കഥകള്‍ കേട്ട് ഉച്ചത്തിലുള്ള ചിരി ഉയര്‍ന്നു. അതിനും മേലെ ഉറക്കെ വിമര്‍ശനങ്ങളുടെ ഒളിയമ്പുകള്‍ കൂരമ്പുകളായി തറഞ്ഞു. കേരളം കടന്നു അത് പിന്നെ മലയാളിയുള്ള ലോകത്തെക്കൊക്കെ പറന്നു. അമേരിക്കയിലെയും, ഗള്‍ഫിലെയും മലയാളികള്‍ വി ഡി രാജപ്പനെ നേരിട്ട് തന്നെ കേട്ടു.
വി ഡി രാജപ്പന്‍ എത്ര മികച്ച കലാകാരന്‍ ആണെന്ന വിലയിരുത്തലുകള്‍ അല്ല വേണ്ടത്; ആ കല സമൂഹത്തില്‍ എന്തൊക്കെ സ്വാധീനം ചെലുത്തി എന്നതാണ്. ചിരിയാണ് മലയാളിയുടെ ബലഹീനതയെന്നു കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷം കൃത്യമായി വിലയിരുത്തി ആ ധാരയെ പ്രയോജനപ്പെടുത്തിയത് രാജപ്പനാണ്. പാരഡിയും കോമഡിയുമൊക്കെ സിനിമയ്ക്ക് പുറത്ത് സ്വാധീനം നേടിയപ്പോള്‍ അതിന്റെ പിതാവ് ആരായിരുന്നെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. തടിച്ചുകുറുകിയ ആ മനുഷ്യന്‍. നമ്മുടെ പ്രിയങ്കരനായ വിഡി രാജപ്പന്‍.