പട്ടാളക്കാരി ആകണമെന്നായിരുന്നു ആഗ്രഹം; അമ്മ പിന്തിരിപ്പിച്ചെന്ന് നടി മേഘ്‌ന രാജ്

കൊച്ചി: സിനിമയില്‍ എത്തുന്നതിന് മുമ്പ് പട്ടാളക്കാരി ആകണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ ആഗ്രഹത്തില്‍നിന്ന് അമ്മ പിന്തിരിപ്പിച്ചെന്ന് നടി മേഘ്‌ന രാജ് പറഞ്ഞു. സിനിമാ താരം ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഡോക്ടറോ നര്‍ത്തകിയോ ആകുമായിരുന്നു എന്നും മേഘ്‌ന പറഞ്ഞു. ‘മലയാള സിനിമ മികച്ച അവസരങ്ങള്‍ എനിക്ക് നല്‍കിയിട്ടുണ്ട്. സിനിമ എന്നത് ഒരു സ്വപ്‌ന ലോകമാണ്. അവിടെ അഭിനയത്തിനും അതോടൊപ്പംതന്നെ സൗന്ദര്യത്തിനും സ്ഥാനമുണ്ട്. കഥാപാത്രം ആവശ്യപ്പെടുന്ന സൗന്ദര്യം തീര്‍ച്ചയായും ഉണ്ടാകണമെന്നും മേഘ്‌ന പറയുന്നു.
തനിക്ക് തടി കൂടുതലാണെന്നും, അത് കുറയ്ക്കണമെന്നും പലരും പറഞ്ഞു. തമിഴിലേയും കന്നഡയിലേയും ചിലരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. അഭിനയം നല്ലതാണെന്നും എന്നാല്‍ തടി കുറച്ചില്ലെങ്കില്‍ കാര്യമില്ലെന്നുമാണ് അവരുടെ പക്ഷം. ഇത് കേള്‍ക്കുമ്പോള്‍ പേടിയായിരുന്നു. പിന്നീട് ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത് തടി കുറച്ചെടുത്തു. എന്നാല്‍ മലയാളികള്‍ അങ്ങനെയല്ല. അവര്‍ തടിയേക്കാളും സൗന്ദര്യത്തേക്കാളും പ്രാധാന്യം നല്‍കുന്നത് അഭിനയത്തിനാണ്. തടി കൂടുതലാണെന്ന വിമര്‍ശനമൊന്നും മലയാളത്തില്‍ നിന്നും കേട്ടിട്ടില്ല.
ഓരോ സംവിധായകന്റെയും കാഴ്ചയാണ് ഓരോ സിനിമയും. അവിടെ അവരുടെ കാഴ്ചപ്പാടിനാണ് പ്രാധാന്യം. അല്ലാതെ നമ്മുടേതിനല്ല. ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് മുഖത്ത് അലര്‍ജി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ സ്‌ക്രീനില്‍ അത് എങ്ങിനെ വരുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ മുഖത്തെ അലര്‍ജി കുഴപ്പമില്ലെന്നും അത് കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍തന്നെ സ്‌ക്രീനില്‍ വരുമെന്നും മുഖത്ത് അലര്‍ജി വന്നത് നന്നായെന്നും ആയിരുന്നു സംവിധായകന്‍ വികെ പ്രകാശ് പറഞ്ഞത്.

© 2025 Live Kerala News. All Rights Reserved.