
മുംബൈ: വിജയദശമി മുതല്‍ ആര്‍എസ്എസിന് പുതിയ യൂണിഫോം. കാക്കി നിക്കര്‍ മാറ്റി ബ്രൗണ്‍ പാന്റ്‌സ് ഉപയോഗിച്ചു തുടങ്ങുമെന്ന് സംഘചാലക് (കൊങ്കണ്‍ റീജിയന്‍) സതീഷ് മോദ് അറിയിച്ചു.ആര്‍എസ്എസ്സിന്റെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള കാക്കി നിക്കര്‍ വേഷം മാറാന്‍ നാഗോറില്‍ സംഘടനയുടെ ഉന്നത സമിതിയായ അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക യോഗമാണ് തീരുമാനിച്ചത്. ആര്‍എസ്എസിന് രാജ്യത്താകമാനം 56,959 ശാഖകള്‍ ഉണ്ടെന്ന് മോദ് പറഞ്ഞു. ഇതില്‍ 5,500 എണ്ണം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രൂപീകരിച്ചവയാണ്. മുംബൈ കൊങ്കണ്‍ റീജിയനില്‍ 625 ശാഖകള്‍ ഉണ്ടെന്നും സതീഷ് മോദ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശസ്തിയാണോ വളര്‍ച്ചയ്ക്ക് കാരണമെന്ന് ചോദിച്ചപ്പോള്‍ ഇപ്പോഴത്തെ അന്തരീക്ഷം ആര്‍എസ്എസ്സിന് യോജിച്ചതാണെന്ന വസ്തുത നിഷേധിക്കുന്നില്ല. പക്ഷേ, മോദി മാത്രമല്ല പ്രധാനകാരണമെന്നും സര്‍ക്കാര്‍ വന്നത് 2014ലാണെന്നും സതീശ് പറഞ്ഞു. 2012 മുതല്‍ സംഘത്തിന് ഈ വളര്‍ച്ച കാണിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ്സിന്റെ ആശയവും പ്രവര്‍ത്തകരുടെ അവരുടെ അര്‍പ്പണബോധവും ആണ് ശാഖകള്‍ വളരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.