ന്യൂഡല്‍ഹി: ശ്രീ ശ്രീ രവിശങ്കറുടെ ആര്‍ട്ട് ഓഫ് ലിവിങ് സാംസ്‌കാരിക മേള നടന്ന പരിസ്ഥിതിലോല പ്രദേശമായ യമുനാതീരം ദേശീയ ഹരിത ട്രൈബ്യൂണല്‍ സംഘം ഈയാഴ്ച്ച സന്ദര്‍ശിക്കും. വെള്ളപ്പൊക്ക കെടുതികളെ ചെറുക്കുന്ന തടയണയായും ഭൂഗര്‍ഭ ജലസ്രോതസ്സായും നിലനിന്ന സ്ഥലത്തിന് സംഭവിച്ച പരിസ്ഥിതിനാശം സംഘം വിലയിരുത്തും. സംഘം നല്‍കുന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും പിഴത്തുക തീരുമാനിക്കുക. നേരത്തെ അഞ്ചു കോടി രൂപ ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിങ്ങിന് പിഴയിട്ടിരുന്നു. ആദ്യഗഡു 25 ലക്ഷം രൂപ അടച്ചശേഷമാണ് പരിപാടി നടത്തിയത്. ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമാകും സ്ഥലത്തിന്റെ ഉടമസ്ഥാവകാശമുള്ള ഡല്‍ഹി വികസന അതോറിറ്റി സ്ഥലത്തെ മാലിന്യം നീക്കംചെയ്യുക. മൂന്നു ദിവസങ്ങളിലായി നടന്ന മേളയില്‍ 35 ലക്ഷത്തോളം പേര്‍ പങ്കെടുത്തെന്നാണ് കണക്ക്. അതുകൊണ്ട് കടുത്ത പരിസ്ഥിതിനാശം യമുനാതീരത്തിന് സംഭവിച്ചിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഹരിത ട്രൈബ്യൂണല്‍ സംഘം.