കലാഭവന്‍ മണിയെ മരണം തട്ടിയെടുത്തത് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെ; വിനയായത് മദ്യപാനം തന്നെ

കൊച്ചി: കലാഭവന്‍ മണിയെ മരണം തട്ടിയെടുത്തത് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നതിനിടെയാണ്. മൂന്ന് മാസം മുമ്പായിരുന്നു മണി ഏത് വിധേനവും ജീവന്‍ നിലനിര്‍ത്താന്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങിയത്. മസ്തിഷ്ത മരണം സംഭവിച്ചയാളുടേതില്‍ നിന്നും ചേര്‍ച്ചയായ കരള്‍ സ്വീകരിക്കാനായിരുന്നു ശ്രമം. സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള മൃതസഞ്ജീവനി വഴി അവയവ മാറ്റത്തിന്റെ സാധ്യതകളും ആരാഞ്ഞിരുന്നു.എന്നാല്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരംമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇതിനായി ഡോക്റ്ററെ കണ്ടത്. ലാല്‍ തന്നെ ഡോക്റ്ററുമായി സംസാരിച്ച് കാര്യങ്ങള്‍ ഏര്‍പ്പാടാക്കി.

ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ നടന്നുവരുകയായിരുന്നു.ചേര്‍ച്ചയുള്ള കരള്‍ ലഭിക്കാന്‍ വളരെ സമയമെടുക്കും. എന്നാല്‍ രോഗം വന്ന ശേഷവും മദ്യപിച്ചതാണ് ജീവിതത്തില്‍ വില്ലനായത്. മണിയുടെ കരള്‍ പൂര്‍ണമായും ദ്രവിച്ചിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്റ്റര്‍മാര്‍ കണ്ടെത്തിയിരുന്നു. ഒരു തുള്ളി മദ്യം പോലും ഉപയോഗിക്കാന്‍ പാടില്ലാത്ത അവസ്ഥയായിരുന്നു മണിയുടേത്. എന്നിട്ടും അമിതമായി മദ്യപിച്ച സ്ഥിതിയിലാണ് താരത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അതിന് മുമ്പ് രക്തം ഛര്‍ദിച്ചിരുന്നു. ആന്തരിക രക്തസ്രാവം മാത്രമല്ല, ഉയര്‍ന്ന അളവില്‍ മെഥനോള്‍ ശരീരത്തില്‍ കലരുകയും ചെയ്തു. അതുകൊണ്ട് മരുന്നുകളോട് ശരീരം പ്രതികരിച്ചില്ല. രക്തസമ്മര്‍ദ്ദം പരിധിവിട്ടതോടെ ഡയാലിസിസ് ചെയ്യാനുള്ള ശ്രമവും പരാജയപെട്ടു.

© 2025 Live Kerala News. All Rights Reserved.