ചാലക്കുടി: മരണശേഷമെങ്കിലും കലാഭവന്‍ മണിയെ വെറുതെ വിടണമെന്ന് പറഞ്ഞ് കൊണ്ട് അദേഹത്തിന്റെ ബന്ധുക്കള്‍ രംഗത്തെത്തി. അപവാദ പ്രചരണങ്ങള്‍ തങ്ങളെ കൂടുതല്‍ വിഷമിപ്പിക്കുന്നുണ്ട്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഇപ്പോഴും പ്രചരിക്കുന്നത് ഏറെ സങ്കടകരമാണെന്നും മണിയുടെ കുടുംബം വ്യക്തമാക്കി.
മണിയുടെ മരണത്തിലും ആരോഗ്യത്തെ കുറിച്ചും തെറ്റായ വിവരങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. മണിയും ഭാര്യ നിമ്മിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നിരിക്കെ ഇവര്‍ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നെന്ന പ്രചാരണം തീര്‍ത്തും അനാവശ്യമാണ്. മണിയുടെ മരണത്തിന് ശേഷം ബന്ധുക്കളെല്ലാവരും വീട്ടില്‍ത്തന്നെയുണ്ട്. ഇത്തരം അപവാദ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ മണിയെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോയെന്ന് സംശയിക്കേണ്ടതുണ്ടതെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയെ അവസാനമായി ഒരുനോക്ക് കാണാനാവാത്തതില്‍ തങ്ങള്‍ക്കും സങ്കടമുണ്ട്. വലിയ തിരക്കുണ്ടായ സാഹചര്യത്തില്‍ ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ ശവസംസ്‌കാരം ഒരു ദിവസം കൂടി പൊതുദര്‍ശനത്തിന് വെക്കാമായിരുന്നെന്നും രാമകൃഷ്ണന്‍ പറഞ്ഞു. മണിയുടെ മരണശേഷം നിരവധി അപവാദ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ മണിയുടെ മരണ കാരണം കരള്‍ രോഗമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. ശേഷവും അപവാദ പ്രചാരണങ്ങള്‍ തുടരുന്നതിനിടെയാണ് കുടുംബം രംഗത്തെത്തിയത്.