ചൈനീസ് സൈന്യം വീണ്ടും അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്നു; ഇന്തോ ടിബറ്റന്‍ പൊലീസ് ഇവരെ തിരിച്ചയച്ചു

ലഡാക്ക്: ചൈനീസ് സൈന്യം വീണ്ടും അതിര്‍ത്തി ലംഘിച്ച് ഇന്ത്യയില്‍ കടന്നതായി റിപ്പോര്‍ട്ടുകള്‍. പതിനൊന്ന് സൈനികരാണ് ലഡാക് സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് കടന്നതെന്നാണ് വിവരങ്ങള്‍. മാര്‍ച്ച് 8ന് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ലംഘന വിവരം അറിഞ്ഞ ഉടന്‍ ഇന്തോ ടിബറ്റന്‍ പൊലീസ് പട്രോളിങ് നടത്തി ഇവരെ കണ്ടെത്തി തിരിച്ചയച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാന്‍ഗോങ് തടാകത്തിന് സമീപമുള്ള ഇന്ത്യയുടെ ആറ് കിലോമീറ്ററോളം ഭാഗമാണ് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയത്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കേണല്‍ റാങ്കിലുള്ള സൈനികന്റെ നേതൃത്വത്തിലാണ് അതിര്‍ത്തി ലംഘനം. ലഡാക്കില്‍ സ്ഥിതിചെയ്യുന്ന പാന്‍ഗോങ് തടാകത്തിന്റെ 45 കിലോമീറ്ററോളം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും 90 കിലോമീറ്ററോളം ചൈനീസ് ഭാഗത്തുമാണ്. നാലു വാഹനങ്ങളിലായാണ് സൈന്യം അതിര്‍ത്തി കടന്നത്. സംഭവത്തില്‍ ചൈനയുടെ ഭാഗത്തുനിന്നും ഔദ്യോഗിക വിശദീകരണമൊന്നും ഉണ്ടായില്ല.

© 2025 Live Kerala News. All Rights Reserved.