ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരെ വധഭീഷണിയുമായി വീണ്ടും പോസ്റ്റര്‍; രാഹുല്‍ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനും വിമര്‍ശനം

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥികളായ കനയ്യകുമാറിനും ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരെ വധഭീഷണിയുമായി വീണ്ടും ഡല്‍ഹി നഗരത്തിലെ പലയിടങ്ങളിള്‍ പോസ്റ്ററുകള്‍. ജെഎന്‍യു വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പോസ്റ്ററില്‍ വിമര്‍ശിക്കുന്നുണ്ട്. ഈ പോസ്റ്ററുകളുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ വരികയും നിരവധി പേര്‍ അത് ഷെയര്‍ചെയ്യുകയും ചെയ്തു. ഇന്നലെ ജന്തര്‍ മന്ദര്‍ പരിസരത്താണ് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് പറയുന്നു.
പൊലീസ് ജന്തര്‍ മന്ദര്‍ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും ഇത്തരത്തിലുള്ള ഒരു പോസ്റ്ററുകളും കണ്ടെത്താനായിട്ടില്ല. ‘ജെഎന്‍യുവിലെ ഈ രാജ്യദ്രോഹികളെ വെടിവെച്ചുകൊല്ലുന്നത് രാജ്യധര്‍മമാണ്. ഉമര്‍ ഖാലിദിനെയും അനിബര്‍ ഭട്ടാചാര്യയേയും കനയ്യയേയും ഞാന്‍ വെടിവെച്ചുകൊല്ലും എന്നായിരുന്നു പോസ്റ്ററിലെ വാചകങ്ങള്‍. ബല്‍ബീര്‍ സിങ് ഭാരതീയ എന്നയാളുടെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അഴിമതിക്കെതിരെ അണ്ണാ ഹസാരെ നയിച്ച സമരത്തില്‍ പങ്കെടുത്ത സാമൂഹ്യ പ്രവര്‍ത്തകനാണ് ഇയാളെന്നും പറയുന്നു. പോസ്റ്ററിനൊപ്പം തന്നെ ഒരു വ്യക്തിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.