കോഴിക്കോട്: വേതന വര്‍ധന ആവശ്യപ്പെട്ട് സിനിമാ മേഖലയിലെ തൊഴിലാളികള്‍ നടത്തിയ സമരത്തെ പിന്തുണച്ചതിനാണ് രഞ്ജിത്തിന്റെ ചിത്രമായ ലീലയ്ക്ക് നിര്‍മ്മാതാക്കള്‍ അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത്. ബിജുമേനോന്‍ നായകനാകുന്ന ലീലയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയാണ് ലീലയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ ആവശ്യപ്പെട്ട ഉയര്‍ന്ന വേതനം നല്‍കിയാണ് രഞ്ജിത്ത് ലീലയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. വേതന വര്‍ധന അംഗീകരിക്കില്ലെന്ന നിലപാടിന് എതിരെ നിന്നതാണ് രഞ്ജിത്തിനെതിരെ തിരിയാന്‍ നിര്‍മ്മാതാക്കളുടെ സംഘടനയെ പ്രേരിപ്പിച്ചത്. തൊഴിലാളികളുടെ ആവശ്യത്തെ പിന്തുണച്ച രഞ്ജിത്തിനെ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. രഞ്ജിത്തിനോടുള്ള പ്രതികാര നടപടിയെന്നോണം ചിത്രത്തിന്റെ റിലീസ് തടയാനാണ് നിര്‍മ്മാതാക്കളുടെ നീക്കം. മള്‍ട്ടിപ്ലക്‌സ് തീയറ്ററുകളിലടക്കം വിളിച്ച് ലീല റിലീസ് ചെയ്യരുതെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. എന്നാല്‍ എന്തുവിലകൊടുത്തും ചിത്രം തിയറ്ററിലെത്തിക്കാനുള്ള ശ്രമത്തിലാണ് രഞ്ജിത് ആന്റ് ക്രു.