വിഎസും പിണറായിയും മത്സരിക്കാന്‍ പിബിയില്‍ തീരുമാനം; മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടില്ല

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനും മത്സരിക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പിബി യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. വിഎസും പിണറായിയും മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നതല്ല സിപിഎമ്മിന്റെ രീതി. അതിനാല്‍ തന്നെ മുഖ്യമന്ത്രി ആരെന്നത് പിന്നീട് തീരുമാനിക്കുമെന്നും യോഗത്തില്‍ വ്യക്തമാക്കി. നിയമസഭ സീറ്റ് വിഭജനചര്‍ച്ചക്കായി ഇടതുമുന്നണിയോഗവും ഇന്ന് ചേരും. ഇന്ന് വൈകിട്ട് കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക് തിരിക്കും. വൈകിട്ട് മൂന്നിന് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം അടക്കം മുന്നണിക്ക് പുറത്ത് നില്‍ക്കുന്ന കക്ഷികളുമായി തെരഞ്ഞെടുപ്പില്‍ എങ്ങനെ സഹകരിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുത്തേക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 27 സീറ്റില്‍ മത്സരിച്ച സിപിഐ ഇത്തവണ അധികം മൂന്ന് സീറ്റുകളും, ജെഡിഎസ്, എന്‍സിപി, കേരളകോണ്‍ഗ്രസ് എസ് അടക്കമുള്ള കക്ഷികള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളും ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച ഇന്നത്തെ യോഗത്തില്‍ നടക്കും.

© 2025 Live Kerala News. All Rights Reserved.