പട്യാല കോടതിക്ക് മുമ്പിലെ അഭിഭാഷകരുടെ ഗുണ്ടായിസം സര്‍വസീമകളും ലംഘിച്ചു; അഭിഭാഷക കമ്മീഷന്‍ ഇന്ന് സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ന്യുഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യകുമാറിനെ ഹാജരാക്കാനെത്തിയപ്പോള്‍ പട്യാല കോടതി പരിസരത്തുണ്ടായ അഭിഭാഷകരുടെ തേര്‍വാഴ്ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് അഭിഭാഷക കമ്മീഷന്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. പൊലീസ് ആക്രമണം തടയുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കപില്‍ സിബലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മീഷന്‍ തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷ ഒരുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശം ലംഘിക്കപ്പെട്ടതായും കമ്മീഷന്‍ വ്യക്തമാക്കും ഇന്നലെ ആക്രമണത്തിനിടെ അഭിഭാഷക കമ്മീഷന്‍ കോടതിയിലെത്തി പരിശോധന നടത്തിയിരുന്നു. ഡല്‍ഹി പൊലീസ് കമ്മീഷണറും സംഭവത്തെ പറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതേസമയം ഡല്‍ഹിയില്‍ ക്രമസമാധാനം പൂര്‍ണ്ണമായും ഇല്ലാതായെന്ന് ധരിപ്പിക്കാന്‍ വിവിധ കക്ഷികള്‍ ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണും. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും രാഷ്ട്രപതിയെ കാണും. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളും ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.