അഭിഭാഷകരുടെ അഴിഞ്ഞാട്ടം സുപ്രീംകോടതിയിലും;അതിക്രമിച്ച് കയറി മുദ്രാവാക്യം മുഴക്കി; അഭിഭാഷകരുടെ നടപടി അപലപനീയമെന്ന് കോടതി

ന്യൂഡല്‍ഹി: പട്യാല കോടതി പരിസരത്ത് അഴിഞ്ഞാടിയ അഭിഭാഷകര്‍ സുപ്രീംകോടതിയിലും ബഹളം വച്ചു. ദേശഭക്തി പ്രകടനവുമായി രംഗത്തെത്തിയ ഒരു സംഘം അഭിഭാഷകരാണ് സുപ്രീം കോടതിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത്. ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കും നേരെ നടന്ന ആക്രമണത്തിനെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെയായിരുന്നു സംഭവം. രാവിലെ 10.45 ഓടെ കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഒരു സംഘം അഭിഭാഷകന്‍ കോടതി മുറിയിലേക്ക് അതിക്രമിച്ചു കയറി ഉറക്കെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. അഭിഭാഷകര്‍ വന്ദേമാതരം ആലപിക്കുകയും ചെയ്തു. തുടര്‍ന്ന് കോടതിയിലെ സുരക്ഷാ ജീവനക്കാര്‍ ഇവരെ പുറത്താക്കി.ഇത്തരമൊരു സംഭവം അത്യന്തം അപലപനീയമാണെന്ന് സുപ്രീം കോടതി പ്രതികരിച്ചു. തിങ്കളാഴ്ച പാട്യാല ഹൗസ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്കും, അധ്യാപകര്‍ക്കും എതിരെ ആക്രമണം നടത്തിയ അഭിഭാഷകര്‍ക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയില്‍ പരാതി നല്‍കിയത്. അഡ്വ ഇന്ദിര ജെയ്‌സിങ് വഴി ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ജെയ്പ്രകാശ് ആണ് പരാതി നല്‍കിയത്. ഇവിടെയാണ് അഭിഭാഷകരുടെ അഴിഞ്ഞാട്ടം.

© 2025 Live Kerala News. All Rights Reserved.