ബാംഗ്ലൂര്‍: സിയാച്ചിലെ മഞ്ഞുപാളികള്‍ക്കടിയില്‍ 25 അടി താഴ്ചയില്‍ ആറുദിവസം മരണത്തെ അതിജീവിച്ച ലാന്‍സ് നായിക് ഹനുമന്തപ്പയുടെ സൈനിക സേവനം രാജ്യത്തിന് അത്യന്താപേക്ഷിതമായിരുന്നു. പക്ഷേ വിധി വളരെ ക്രൂരമായി അദേഹത്തെ രാജ്യത്തിന് നഷ്ടപ്പെടുത്തി. 13 വര്‍ഷം സൈന്യത്തില്‍ സേവനമനുഷ്ഠിച്ചു. സൈനികനാകാന്‍ അദ്ദേഹത്തെ സ്വാധീനിച്ചത് ഗ്രാമനിവാസികളാണ്. ആറ് കിലോമീറ്റര്‍ നടന്നാണ് ഹനുമന്തപ്പ ദിവസവും സ്‌കൂളില്‍ പോയിരുന്നത്.കര്‍ണാടക സ്വദേശിയായ ഹനുമന്തപ്പ 2002 ഒക്ടോബര്‍ 25 നാണ് സൈന്യത്തിലെത്തിയത്. മദ്രാസ് റെജിമെന്റിലെ 19ാം ബറ്റാലിയനിലായിരുന്നു അദ്ദേഹത്തിന് ആദ്യനിയമനം ലഭിച്ചത്. 2003 മുതല്‍ 2006 വരെ ജമ്മുകശ്മീരിലെ മഹോറയിലായിരുന്നു അദ്ദേഹം. തീവ്രവാദി നുഴഞ്ഞുകയറ്റം അതിശക്തമായ കാലമായിരുന്നു.തീവ്രവാദികള്‍ക്കെതിരായ ദൗത്യങ്ങളുടെ മുന്‍നിരയില്‍ ഹനുമന്തപ്പയുണ്ടായിരുന്നു.
2008 മുതല്‍ രണ്ടുവര്‍ഷം 54 രാഷ്ട്രീയ റൈഫിള്‍സിന്റെ ഭാഗമായും കശ്മീരില്‍ സേവനമനുഷ്ഠിച്ചു തുടങ്ങി. ഇതിനുശേഷം അസമിലായിരുന്നു സൈനികജീവിതം. തീവ്രവാദിസംഘടനകളായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലന്‍ഡ്, യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളും സൈന്യവും തമ്മില്‍ നിരന്തര ഏറ്റുമുട്ടല്‍ നടക്കുന്ന കാലമായിരുന്നു അത്. വിജയകരമായ ഒട്ടേറെ സൈനികനടപടികളില്‍ ഹനുമന്തപ്പ പങ്കെടുത്തുത്തിരുന്നു. പലതും അദ്ദേഹം ചോദിച്ചുവാങ്ങിയവ. കരുത്തനും ഊര്‍ജസ്വലനുമായിരുന്നു ആ ചെറുപ്പക്കാരനെന്ന് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ പറയുന്നു. ‘എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന, പുതിയ സൈനികരോട് തുറന്ന് ഇടപെടുന്നയാള്‍. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമായിരുന്നു ഇഷ്ടപ്പെട്ടിരുന്നത്. തുടക്കംമുതല്‍ തിരഞ്ഞെടുത്തതും അത്തരം ജോലികള്‍ തന്നെ’. അവര്‍ ഓര്‍മിക്കുന്നു.2015 ആഗസ്തിലാണ് സിയാച്ചിനില്‍ സേവനത്തിനെത്തുന്നത്. ഡിസംബറില്‍ 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ടു. താപനില 40 ഡിഗ്രി സെല്‍ഷ്യസിലും താഴെ. കൊടുംതണുപ്പും വഹിച്ചുകൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന ഹിമക്കാറ്റ്. ഇവയെല്ലാം അതിജീവിച്ചുകൊണ്ട് ഹനുമന്തപ്പ അവിടെ രണ്ടുമാസത്തോളം നിലകൊണ്ടു. ഒടുവില്‍ സൈനിക പോസ്റ്റിനുമേല്‍ 800 അടി നീളവും 400 അടി വീതിയുമുള്ള കൂറ്റന്‍ മഞ്ഞുപാളി വീണ് 25 അടി താഴ്ചയില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പ്, ദിനംപ്രതി യോഗ ചെയ്യുന്നത് കൊണ്ടാണ് അദ്ദേഹത്തിന് ഉയര്‍ന്നെഴുത്താന്‍ കഴിഞ്ഞത്. ഹനുമന്തപ്പയ്ക്ക് ഭാര്യയും രണ്ടു വയസുളള മകളുമാണ് ഉള്ളത്. ഹിമപതത്തില്‍ നിന്ന് ഹനുമന്തപ്പ വീട്ടുക്കാരെ വിളിച്ചപ്പോള്‍ അവധിദിനത്തില്‍ വീട്ടില്‍ വരുമെന്ന് വാക്ക് കൊടുത്തിരുന്നു. മഞ്ഞില്‍ പുതഞ്ഞ് ദിവസങ്ങളോളം കിടന്നതിനെതുടര്‍ന്ന് കടുുത്ത ശ്വാസതടസവും അവയവങ്ങള്‍ നിലച്ചതുമാണ് അദേഹത്തിന്റെ അന്ത്യംകുറിച്ചത്.