ദുബായില്‍ വാഹനാപകടത്തില്‍പ്പെട്ട മലയാളി യുവാവിന് നടന്‍ ദിലീപ് രക്ഷകനായി; ഇഷ്ട നടനെ അടുത്ത്കണ്ട അമ്പരപ്പിലാണ് ജാസിര്‍

ദുബായ്: വാഹനാപകടത്തില്‍പ്പെട്ട് റോഡരുകില്‍ കിടന്ന മലയാളി യുവാവിന് നടന്‍ ദിലീപ് രക്ഷകനായി. യുവാവിനെ പിടിച്ചെഴുന്നേല്‍പ്പിച്ചതും അപകട വിവരം പൊലീസിലറിയിച്ചതു ദിലീപ് തന്നെ. ഖിസൈസിലെ ഗ്രോസറിയില്‍ ഡലിവറി ബോയിയായി ജോലിനോക്കുന്ന വടകര പള്ളിത്തായ സ്വദേശി ജാസിറാണ്(23) കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ ഒരുമണിക്കായിരുന്നു സംഭവം നടന്നത്. ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുകയായിരുന്ന ജാസിറിനെ ഒരു കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ജാസില്‍ വാഹനത്തില്‍നിന്നും തെറിച്ചുവീണു. ഇടിച്ച വാഹനം നിര്‍ത്താതെ കടന്നുപോവുകയും ചെയ്തു. ശരീര വേദനകാരണം വീണിടത്തുനിന്നും എഴുനേല്‍ക്കാന്‍ കഴിയാത്ത നിലയിലായിരുന്നു ജാസിര്‍.
ഈ സമയത്താണ് വെളുത്ത ലാന്‍ഡ് ക്രൂസര്‍ കാറില്‍ ദിലീപ് രക്ഷകനായിയെത്തിയത്. ദിലീപും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നസീറും ചേര്‍ന്ന് ജാസിറിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ് പൊലീസിനെ വിളിച്ച് സംഭവം അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇഷ്ട നടനെ അടുത്തുകണ്ട അമ്പരപ്പ് ജാസിറിന് അപ്പോഴും വിട്ടുമാറിയിരുന്നില്ല. കാലിന് ചെറിയ പരിക്ക് പറ്റിയെങ്കിലും ജാസിര്‍ പിന്നീട് താമസ സ്ഥലത്തേയ്ക്ക് മടങ്ങി. സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോള്‍ ആരോ വാഹനമിടിച്ച് വീണതായി കണ്ടതായും ഉടന്‍ വണ്ടി നിര്‍ത്തി കാര്യം അന്വേഷിക്കുകയായിരുന്നു എന്നും ദിലീപ് പറഞ്ഞു. അതൊരു മലയാളി യുവാവാണെന്ന് ആദ്യം അറിഞ്ഞിരുന്നില്ല. എന്നെ കണ്ടപ്പോള്‍ അവന്‍ അമ്പരന്നു. അപ്പോഴാണ് യുവാവ് മലയാളിയെന്ന് താനും തിരിച്ചറിഞ്ഞത്. സഹജീവി എന്ന നിലയില്‍ ഒരു സഹായം ചെയ്തുവെന്നേയുള്ളുവെന്നും ദിലീപ് പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.