സോളാര്‍ കേസില്‍ പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കി; ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങള്‍ സരിത സോളാര്‍ കമ്മീഷന് കൈമാറി; ഡിജിറ്റല്‍ തെളിവുകള്‍ നാളെ നല്‍കും

കൊച്ചി: സോളാര്‍ കേസില്‍ പൊലീസ് അസോസിയേഷന് 20 ലക്ഷം രൂപ നല്‍കിയതായി സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. എല്ലാ സ്റ്റേഷനുകളിലും സോളാര്‍ പാനല്‍ സ്ഥാപിക്കാന്‍ പ്രേമേയം പാസാക്കിയതിനു ശേഷം 2013 മെയില്‍ അസോസിയേഷന്‍ സെക്രട്ടറി ജിആര്‍ അജിത്തിനാണ് പണം കൈമാറിയതെന്നും സരിത മൊഴി നല്‍കി്. സോളാര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് തനിക്ക് അനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ളതും മറ്റ് രേഖകളുമടങ്ങിയ കത്ത് സരിത എസ് നായര്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകള്‍ നാളെ കൈമാറുമെന്ന് സരിത കമ്മീഷനെ അറിയിച്ചു.
വിവരങ്ങള്‍ രഹസ്യമൊഴിയായി മുദ്രവച്ച കവറില്‍ സോളാര്‍ കമീഷന് കൈമാറുമെന്ന് സരിത എസ് നായര്‍ കഴിഞ്ഞ ദിവസം കമ്മീഷനെ അറിയിച്ചിരുന്നു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമായതിനാലും തുറന്ന കോടതിയില്‍ ചര്‍ച്ചായോഗ്യമല്ലാത്തതിനാലും ജയിലില്‍വച്ച് താനെഴുതിയ കത്ത് പരസ്യമായി വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട്. ഇതുസംബന്ധിച്ച മൊഴി കമീഷന്‍ ആവശ്യപ്പെട്ടാല്‍ രഹസ്യമായി നല്‍കാം. സരിത മുദ്രവച്ച കവറില്‍ നല്‍കുന്ന മൊഴിയുടെ രഹസ്യസ്വഭാവം നിലനിര്‍ത്തുമെന്നും അതിലെ ആരോപണവിധേയരെ അക്കാര്യങ്ങള്‍ മാത്രം അറിയിക്കുമെന്നും കമ്മീഷന്‍ അറിയിച്ചിരുന്നു.

© 2025 Live Kerala News. All Rights Reserved.