ജയ്പൂര്‍: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയ നിരോധനം നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിരോധിക്കുന്ന രണ്ട് ദശാബ്ദക്കാലം പഴക്കമുള്ള നിയമം നീക്കം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വ്യക്തമാക്കി.ലിംഗ നിര്‍ണയം നിര്‍ബന്ധിതമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ഭ്രൂണഹത്യയ്ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ ആദ്യ മന്ത്രികൂടിയായ മനേകാ ഗാന്ധി പറഞ്ഞു. ഭ്രൂണത്തിന്റെ ലിംഗം രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരു സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. പ്രസവം അലസിപ്പിക്കുന്നവര്‍ അതിനുള്ള കാരണവും വ്യക്തമാക്കണം. ഇത് ആശുപത്രികളില്‍ നിന്നുള്ള പ്രസവത്തെ പ്രോത്സാഹിപ്പിക്കുമെന്നും ശിശുക്കള്‍ക്ക് ഏറെ ഭീഷണിയുണ്ടാകുന്ന വീടുകളില്‍ നിന്നുള്ള പ്രസവരീതിയെ ഇല്ലാതാക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു. നിരോധനം നിലനില്‍ക്കുമ്പോഴും ചിലര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച് ലിംഗനിര്‍ണയം നടത്തുന്നുണ്ടെന്നും ഗര്‍ഭം അലസിപ്പിക്കുന്നുണ്ടെന്നു അത് ചെയ്തുകൊടുത്ത ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എതിരെ നടപടികളെടുക്കേണ്ടിവരുന്ന സംഭവങ്ങളുണ്ടെന്നും ഇത്തരത്തില്‍ ജയിലുകളില്‍ ആളുകളുടെ എണ്ണം കൂട്ടിയിട്ട് കാര്യമില്ലെന്നും മനേകാ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത് എത്രത്തോളം ഗുണം ചെയ്യുമെന്ന സംശയം മാത്രം അവശേഷിക്കുന്നു.