കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ ആര്‍എസ്എസ് ഒരുങ്ങുന്നു; സിപിഎമ്മിനെ ചര്‍ച്ചയ്ക്ക് വിളിച്ച് നിലപാട് വ്യക്തമാക്കിയത് മോഹന്‍ ഭഗവത്

കൊച്ചി: കണ്ണൂരില്‍ തുടര്‍ച്ചയായി അരങ്ങേറുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ ക്കാന്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. കൊച്ചിയില്‍ എത്തിയ മോഹന്‍ ഭാഗവത് കേരളത്തിലെ സാമൂഹ്യ-സാംസ്‌കാരിക-മണ്ഡലങ്ങളിലെ വ്യക്തത്വങ്ങളുമായും നിയമ വിദഗ്ധരുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് സിപിഎമ്മുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആര്‍എസ്എസ് അവിടെ സ്വീകരിക്കുന്നു സമീപനം സ്വയംപ്രതിരോധത്തിന്റേതാണെന്നായിരുന്നു മോഹന്‍ഭാഗവത് പറഞ്ഞത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സിപിഎമ്മിന്റെ അസഹിഷ്ണുതയാണെന്നും മോഹന്‍ഭാഗവത് കുറ്റപ്പെടുത്തി.

ആര്‍എസ്എസിന്റെ രാഷ്ട്രീയ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിനായി നടത്തി വരുന്ന വിശേഷ് സമ്പര്‍ക്ക് യോജനയുടെ ഭാഗമായാണ് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഇടപെടീലുകള്‍ നടത്തുന്ന ആളുകളുമായി ആര്‍എസ്എസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നതും പുതിയ നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നതും. കൂടുതല്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നുമുള്ള അന്വേഷണങ്ങളുടെയും ഭാഗമാണ് ഇത്തരം കൂടിക്കാഴ്ച്ചകള്‍. വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു, ടി.ജി. മോഹന്‍ദാസ്, അഡ്വ. ശിവന്‍ മഠത്തില്‍, മുന്‍ സുപ്രീംകോടതി ജഡ്ജി പി.കെ. ബാലസുബ്രഹ്മണ്യം തുടങ്ങിയവരാണ് മോഹന്‍ഭാഗവതുമായി ചര്‍ച്ച നടത്തിയത്. അഡ്വ. ജയശങ്കര്‍, കാളീശ്വരം രാജ് എന്നിവരെ കൂടിക്കാഴ്ച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. കാളീശ്വരം തുടക്കത്തില്‍ത്തന്നെ വരില്ലെന്ന് വ്യക്തമാക്കിയിരുന്നു. ജയശങ്കര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറായി നില്‍ക്കെ സിപിഐ കണ്ണുരുട്ടിയതോടെ പിന്‍മാറിയതെന്നാണ് വിവരം.

© 2025 Live Kerala News. All Rights Reserved.