സര്‍ക്കാര്‍ ഓഫീസുകളില്‍ ഓപ്പറേഷന്‍ കിച്ചടി ; ക്രമക്കേടുകള്‍ക്കും തട്ടിപ്പുകള്‍ക്കും ഒരു പഞ്ഞവും കാണില്ല

കൊച്ചി: നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനയുടെ കുറവുകൊണ്ടല്ല പലതും സംഭവിക്കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷന്‍ കിച്ചടി എന്ന പേരിലാണ് റെയ്ഡ് നടത്തുന്നത്. സര്‍ക്കാര്‍ ഓഫിസുകളെ കുറിച്ചുയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്റ്റര്‍ ശങ്കര്‍ റെഡ്ഡി റെയ്ഡിനു നിര്‍ദേശം നല്‍കിയത്. അതാത് ജില്ലകളിലെ എസ്പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആകെ 74 സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. സര്‍ക്കാര്‍ ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്ക് കാലതാമസം വരുന്നുവെന്നും കൈക്കുലി ആവശ്യപ്പെടുന്നുവെന്നും വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ഈയടുത്ത കാലത്ത് വില്ലേജ് ഓഫീസുകളിലെ ക്രയവിക്രയങ്ങളില്‍ വന്‍ തട്ടിപ്പാണ് കണ്ടെത്തിയത്.  വയല്‍ എന്നത്  കര എന്നൊക്കെ പണമുണ്ടെങ്കില്‍ രേഖപ്പെടുത്താം. സ്‌ഫോടനം നടത്താന്‍പോലും ലൈസന്‍സ് കൊടുക്കുന്നവരാണ് പല ഉദ്യോഗസ്ഥരും.ക്ഷേമനിധി വിതരണം വൈകിക്കുന്നതായി അടുത്തിടെ പരാതി ഉയര്‍ന്നിരുന്നു. ക്ഷേമനിധി കുടിശിക സര്‍ക്കാര്‍ അനുവദിച്ചിട്ടും അത് വിതരണം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നായിരുന്നു പ്രധാന പരാതി. ഇതോടൊപ്പം സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളോട് ജീവനക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് പരിശോധന നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്.

© 2025 Live Kerala News. All Rights Reserved.