വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി; പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റവും വരുത്തില്ല; പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമമുണ്ടെന്ന് കരുതുന്നില്ല

തന്റെ പ്രവര്‍ത്തനശൈലിയില്‍ ഒരു മാറ്റവും വരുത്തില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ പ്രവര്‍ത്തന രീതി വളരെ സുതാര്യമാണ്. അതില്‍ മാറ്റം വരുത്തിയാല്‍ ഒരു മുറിക്കകത്ത് അകപ്പെട്ട പോലെയാകും. എനിക്ക് ആളുകളുമായി ബന്ധപ്പെടാന്‍ സാധിക്കുകയില്ല. ആളുകളുമായി ബന്ധമില്ലെങ്കില്‍ കരയ്‌ക്കെടുത്തിട്ട മീനിനെപ്പോ ലെയാകും. എന്റെ ശക്തി ജനങ്ങളാണെന്ന് മുമ്പും പറഞ്ഞിട്ടുളളതാണെന്നും അദ്ദേഹം കേരളകൗമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ആരെങ്കിലും ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന ആക്ഷേപവും തനിക്കില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നുണ്ട്.

നേരത്തെ ഹൈക്കമാന്‍ഡിന് രമേശ് ചെന്നിത്തല അയച്ചെന്ന് ആരോപിക്കപ്പെടുന്ന കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ മോശമായെന്ന പരാമര്‍ശം ഉണ്ടായിരുന്നു. കൂടാതെ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിലും ഉമ്മന്‍ചാണ്ടിക്ക് സമുദായ നേതാക്കളോടും, ഘടകകക്ഷികളോടും കാലില്‍ തൊട്ടുളള വിധേയത്വം ആണെന്നുളള പരോക്ഷ വിമര്‍ശനവും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങള്‍ക്കുളള മറുപടികള്‍ അഭിമുഖത്തിലൂടെ വ്യക്തമാക്കി ഉമ്മന്‍ചാണ്ടി തന്നെ രംഗത്തെത്തിയത്.

തന്റെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമായി ആര്‍ക്കും എവിടെവച്ചും, ഏതുസമയത്തും കാണാം. ആ ശൈലിയില്‍ മാറ്റം വരുത്തുവാന്‍ സാധിക്കില്ല.ഇപ്പോള്‍ത്തന്നെ എവിടെപോയാലും ആര് എന്നോട് ഒപ്പം ഫോട്ടോയെടുക്കാന്‍ ആഗ്രഹിച്ചാലും നിന്നുകൊടുക്കും.സെല്‍ഫിയുമെടുക്കാം.എന്തും ചെയ്യാം. ഫോട്ടോ എടുക്കുന്നവര്‍ തന്നെ ചോദിക്കാറുണ്ട് ഇതിലൊന്നും പേടിയില്ലേയെന്ന്. എന്തുപേടി. എന്റെ ശൈലിയാണിതെന്നും ഉമ്മന്‍ചാണ്ടി അഭിമുഖത്തില്‍ പറയുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.