ക്ഷേത്രഭരണകാര്യങ്ങളില്‍ ഇടപെടാന്‍ സിപിഎം ആലോചന; സംഘ്പരിവാര്‍ അജണ്ട പൊളിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം; കണ്ണൂരില്‍ നിന്ന് തുടങ്ങാനാണ് തീരുമാനം

കണ്ണൂര്‍ : ക്ഷേത്രകാര്യങ്ങളില്‍ ഭരണവും അനുബന്ധകാര്യങ്ങളും സംഘ്പരിവാര്‍ മുക്തമാക്കാന്‍ സിപിഎം ആലോചിക്കുന്നു. വിശ്വാസികളായ പാര്‍ട്ടിക്കാരെ ഇറക്കി ഭരണവും മേല്‍നോട്ടവും കൈപ്പിടിയിലാക്കാനാണ് സിപിഎം തീരുമാനം. അതിനുള്ള അനൗദ്യോഗിക നിര്‍ദേശം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ലഭിച്ചുകഴിഞ്ഞു. എന്നാല്‍ കാര്യങ്ങള്‍ പരസ്യമായായിരിക്കില്ലെന്നും വിവരമുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമസൗകര്യം ഏര്‍പ്പെടുത്തല്‍, ജന്മാഷ്ടമി ഘോഷയാത്ര എന്നിവയിലെ പങ്കാളിത്തം ഗുണകരമായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ക്ഷേത്രഭരണത്തിലെ പങ്കാളിത്തവുമായി ബന്ധപ്പെട്ടു സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചില ആശയക്കുഴപ്പങ്ങളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളാ മാര്‍ച്ചിലും അതോടനുബന്ധിച്ചു നിയോജകമണ്ഡലം തലങ്ങളില്‍ നടക്കുന്ന കാല്‍നട ജാഥയിലും പ്രധാനമായും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അണികള്‍ക്കു നല്‍കാനാണു തീരുമാനം. ഉത്സവാഘോഷങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ക്കുപകരം ആര്‍എസ് എസ് അജന്‍ഡ ഉള്‍പ്പെടുത്തിയുള്ള ആധ്യാത്മിക പ്രഭാഷണങ്ങളും സമാനമായ പരിപാടികളും കൂടുതലായി ഇടം പിടിച്ചതായാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നത്. ആധ്യാത്മിക പ്രഭാഷകര്‍ ആധ്യാത്മിക കാര്യങ്ങള്‍ വിട്ടു രാഷ്ട്രീയം പറയാന്‍ തുടങ്ങിയാല്‍ അവരെ രാഷ്ട്രീയക്കാരായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു. അതേസമയം സിപിഎം മത്സരം നടത്തി ക്ഷേത്ര ഭരണം പിടിക്കാന്‍ തയാറല്ലെന്നും വിശ്വാസത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്നത് ചോദ്യം ചെയ്ായന്‍ ധൈര്യമുള്ള വിശ്വാസികള്‍ പലക്ഷേത്ര കമ്മറ്റികളിലും നിലവിലുണ്ടെന്നും ജയരാജന്‍ പറഞ്ഞു. ഹിന്ദു വോട്ടുകളുടെ ഏകീകരണത്തിനൊപ്പം സംഘ്പരിവാറിനെ പ്രതിരോധിക്കുകയുമാണ് സിപിഎം ക്ഷേത്രകാര്യങ്ങളിലെ ഇടപെടലിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

© 2025 Live Kerala News. All Rights Reserved.