തിരുവനന്തപുരം: മോഹന്‍ലാല്‍ എന്ന നടനെ കാണുക, സംസാരിക്കുക എന്ന ആഗ്രഹവുമായി ജീവിക്കുന്ന പോളണ്ടുകാരനുമുമ്പിലാണ് ലാല്‍ മുട്ടുക്കുത്തിയിരുന്നത്.
ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ചെയറില്‍ സഞ്ചരിക്കുന്ന പോളണ്ടുകാരന്‍ ബര്‍ത്തോഷ് ആണ് ലാലിനെതേടിയെത്തിയത്. ആരാധകന്‍ മാത്രമല്ല പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് നിരവധി ബ്ലോഗുകളും ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയസ് എഞ്ചിനിയറിംഗ് കോളേജില്‍ അവയവദാന സൗഹൃദ ക്യാംപസ് പ്രഖ്യാപനചടങ്ങിനിടെയാണ് ആ അപൂര്‍വ കൂടിക്കാഴ്ച.
പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാന്തര ബിരുദധാരിയായ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാതാരങ്ങളുടെ രാഷ്ട്രീയ ഇടപെടലിനെക്കുറിച്ച് പ്രബന്ധം തയാറാക്കി വരുകയാണ്. ഒരാഴ്ചയായി കൊച്ചിയിലെത്തിയ ബര്‍ത്തോഷ് തന്റെ പ്രിയതാരത്തെ കാണാനായി കാത്തിരിക്കുകയായിരുന്നു. വീല്‍ചെയറിലെത്തിയ ആരാധകന് മുന്നില്‍ മുട്ടുകുത്തി നിന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. ഒരുപാട് നേരം വിശേഷങ്ങള്‍ പങ്കുവക്കുകയും ഫോട്ടോയ്ക്ക് പോസു ചെയ്യുകയും ചെയ്തു. മോഹന്‍ലാലിനെക്കുറിച്ച് വിക്കിപീഡിയ പേജിലെ പോളിഷ് ഭാഷയിലുള്ള വിവരണം തയ്യാറാക്കിയതും ബര്‍ത്തോഷാണ്. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സ്വഡ്‌നിക്ക സ്വദേശിയാണ് ബര്‍ത്തോഷ് .പോളണ്ടിലുള്ള ആരാധകരന്റെ കാര്യം മോഹന്‍ലാലിനും അറിയാം. ദൃശ്യമാണ് ബര്‍ത്തോഷ് അവസാനം കണ്ട മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാലിന്റെ ഇരുവര്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ. ഇരവരും അല്‍പ്പനേരം സംസാരിച്ചു. ലാലിനു സന്തോഷമായി, ബര്‍ത്തോഷിനും