സരിതയും ബിജു രാധാകൃഷ്ണനും ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകും; സിഡി തേടല്‍ വിവാദത്തില്‍ കമ്മീഷന്‍ സര്‍ക്കാറിന് മറുപടി നല്‍കും

കൊച്ചി: ടീം സോളാര്‍ തട്ടിപ്പുകേസിലെ പ്രതികളായ സരിത എസ് നായരും ബിജു രാധാകൃഷ്ണനും ഇന്ന് സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകും. ഒരുമിച്ചാണ് ഇരുവരും ഹാജരാവുക. അത് ആദ്യമായാണ് ഇവരിരുവരും ഒരുമിച്ച് കമ്മീഷന്‍ മുന്‍പാകെ എത്തുന്നത്. സിഡിതേടല്‍ യാത്ര നടത്തിയ കമ്മീഷന്റെ നടപടിയെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിമര്‍ശിച്ച സാഹചര്യത്തില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ സര്‍ക്കാരിന് മറുപടി നല്‍കുമെന്നാണ് വിവരം.
തന്റെ വ്യക്തിജീവിതത്തെ ദോഷകരമായി ബാധിക്കുന്ന വിധത്തില്‍ സരിത മാധ്യമങ്ങള്‍ വഴി പ്രസ്താവനകള്‍ നടത്തിയെന്ന് ആരോപിച്ച് ബിജു രാധാകൃഷ്ണന്‍ ക്രോസ് വിസ്താരത്തിന് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതും പരിഗണിച്ചാണ് സരിതയോട് ഇന്ന് ഹാജരാകുവാന്‍ കോടതി നിര്‍ദേശിച്ചത്. സരിതയോാട് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കണമെന്ന് ബിജു ആവശ്യപ്പെട്ടെങ്കിലും കമ്മീഷന്‍ പരിഗണിച്ചിരുന്നില്ല. കൂടാതെ തിരുവനന്തപുരം ജില്ലാ ജഡ്ജിയോടും ബിജു നേരത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നു. കഴിഞ്ഞാഴ്ച സോളാര്‍ കമ്മീഷനില്‍ സരിത ഹാജരായെങ്കിലും മൊഴി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇന്ന് നിര്‍ബന്ധമായും മൊഴി നല്‍കണമെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ ഉയര്‍ത്തിക്കാട്ടിയ രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.