വാക്സിനെടുത്തത് 14.46 ശതമാനം പേർ ; ദക്ഷിണേന്ത്യയിൽ മുന്നിൽ കേരളം

തിരുവനന്തപുരം
സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിന്റെ ആദ്യ ഡോസ്‌ സ്വീകരിച്ചത്‌ ജനസംഖ്യയുടെ 14.46 ശതമാനം പേർ. തിങ്കളാഴ്‌ച വൈകിട്ട്‌ ആറുവരെയുള്ള കണക്കനുസരിച്ച്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും മുന്നിലുള്ള കേരളത്തിൽ 52,90,793 പേർ വാക്‌സിനെടുത്തു. കൂടുതൽപേർ ആദ്യഡോസ്‌ വാക്സിനെടുത്തത്‌ കർണാടകയിലാണെങ്കിലും ജനസംഖ്യയുടെ 9.8 ശതമാനം മാത്രമാണ്‌. തമിഴ്‌നാട്ടിൽ 41,38,342 പേർ വാക്സിനെടുത്തെങ്കിലും ജനസംഖ്യയുടെ 6.09 ശതമാനം മാത്രമാണിത്‌‌. ആന്ധ്രപ്രദേശിൽ 8.34 ശതമാനവും (41,24,262) തെലങ്കാനയിൽ 7.73 ശതമാനവും (27,24,336) പേരുമാണ്‌ ഇതുവരെ വാക്സിനെടുത്തത്‌.

കേരളത്തിൽ ആകെ വാക്സിൻ സ്വീകരിച്ച 52,90,793 പേരിൽ 7,24,856പേർ (13.70 ശതമാനം) രണ്ടാം വാക്സിനും സ്വീകരിച്ചു. 29,12,956 സ്ത്രീകളും 23,77,219 പുരുഷന്മാരും 618 മറ്റുള്ളവരും ഇതുവരെ വാക്സിനെടുത്തു.
57,29,844 ഡോസ്‌ കോവിഷീൽഡ്‌ വാക്സിനും 28,585 ഡോസ്‌ കോവാക്സിനുമാണ്‌ വിതരണം ചെയ്തത്‌. 1,115 സർക്കാർ കേന്ദ്രത്തിലും 326 സ്വകാര്യ കേന്ദ്രത്തിലുമാണ്‌ തിങ്കളാഴ്‌ചവരെ വാക്സിൻ നൽകിയത്‌. ഏറ്റവും കൂടുതൽ വാക്‌സിനേഷൻ തിരുവനന്തപുരത്തും (7,29,117) കുറവ്‌ ഇടുക്കി (1,75,5217) യിലുമാണ്‌.

ആകെ ലഭിച്ചത്‌ 
64.34 ലക്ഷം ഡോസ്‌
സംസ്ഥാനത്ത്‌ ഞായറാഴ്‌ച 3.5 ലക്ഷം കോവിഡ്‌ വാക്സിൻകൂടി എത്തിയതോടെ ആകെ ലഭിച്ച ഡോസിന്റെ എണ്ണം ‌ 64, 34,000 ആയി. കോഴിക്കോടും എറണാകുളത്തുമായാണ്‌ 1.75 ലക്ഷം വീതം വാക്സിൻ ലഭിച്ചത്‌. കോവാക്സിന്റെ 1,50,410 ഡോസ്‌ ഉൾപ്പെടെ 5,30,720 വാക്‌സിനാണ്‌ നിലവിൽ‌ സ്‌റ്റോക്കുള്ളത്‌ (18 ന്‌ രാത്രി 12 വരെയുള്ള വിവരം). എറണാകുളത്ത്‌ 1,75,000 ഡോസ്‌ കോവിഷീൽഡ്‌ വാക്സിനാണ്‌ ബാക്കിയുള്ളത്‌. കോഴിക്കോട്‌ 14,000 കോവാക്സിനും 30,000 കോവിഷീൽഡുമടക്കം 44,000 ഡോസുണ്ട്‌. തിരുവനന്തപുരത്ത്‌ 13,000 ഡോസ്‌ കോവാക്സിനും 10,000 കോവിഷീൽഡുമടക്കം 23,000 ഡോസ്‌ ബാക്കിയുണ്ട്‌.

കോവിഡ് പ്രതിരോധത്തിന്‌ ആയുഷും‌
സംസ്ഥാനത്ത്‌ കോവിഡ്- രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആയുഷ്‌ വകുപ്പ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. മന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. രോഗപ്രതിരോധശക്തി വർധിപ്പിക്കൽ, കോവിഡ് മുക്തരായവരുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആയുർവേദ ചികിത്സ തുടങ്ങിയവ നൽകും.

ഇതിനായി ‘സേവ് ക്യാമ്പയിൻ’ നടത്തും. പ്രതിരോധ പ്രവർത്തനങ്ങൾ, വാക്‌സിനേഷൻ പ്രോത്സാഹിപ്പിക്കൽ, എക്‌സർസൈസ് തുടങ്ങിയ വ്യത്യസ്ത ഇടപെടൽ ചേർന്നതാണ് ക്യാമ്പയിൻ. ആയുർവേദ ആശുപത്രികളിൽനിന്ന്‌‌ കോവിഡ് മുക്തർക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള സ്‌പെഷ്യാലിറ്റി ചികിത്സ നൽകുന്നുണ്ട്‌. ഹോമിയോ പ്രതിരോധ ഔഷധങ്ങൾ സർക്കാർ ഹോമിയോ ആശുപത്രികളും ഹോമിയോ കോളേജുകൾവഴിയും വിതരണം ചെയ്യുന്നത്‌ തുടരും.