രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് കൂടുതല്‍ ആത്മവിശ്വാസമുള്ളതിനാല്‍: കെ സുരേന്ദ്രന്‍

കാസര്‍കോട്: കോന്നിയും മഞ്ചേശ്വരവും പ്രിയപ്പെട്ട മണ്ഡലങ്ങളാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത് വര്‍ദ്ധിച്ച ആത്മവിശ്വാസമുള്ളതുകൊണ്ടാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കുറഞ്ഞ വോട്ടിന് തോറ്റ മ‍ഞ്ചേശ്വരത്ത് ഇത്തവണ ജയിക്കാനാകുമെന്നും കോന്നിയോട് വൈകാരിക അടുപ്പമുണ്ടെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.

കഴിഞ്ഞ തവണ 89 വോട്ടുകള്‍ക്ക് മാത്രം പരാജയപ്പെട്ട സീറ്റാണ് മഞ്ചേശ്വരം. കള്ളവോട്ടിലൂടെയും ചതിയിലൂടെയും സി.പി.എമ്മിന്റെ സഹായത്തോടെയാണ് മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തത്. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം മണ്ഡലം തിരിച്ചുപിടിക്കേണ്ടത് അത്യാവശ്യമാണ്. വ്യക്തിപരമായി വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി. ശബരിമലയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളുടെ പേരില്‍ വൈകാരിക അടുപ്പമുള്ള മണ്ഡലമാണ് കോന്നി.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുക എന്നത് ഇന്ത്യയില്‍ പുതിയ കാര്യമല്ല. സംസ്ഥാനത്തും പുതിയ കാര്യമല്ല. പ്രമുഖരായ പല നേതാക്കളും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. ദേശീയ തലത്തിലും ആളുകള്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നുണ്ട്. രണ്ട് മണ്ഡലങ്ങളില്‍ അത് തെറ്റായി കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു