ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം ജില്ലാ സെക്രട്ടറിയേറ്റിനെ അറിയിച്ചു. ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അവസാന തീരുമാനമെടുക്കുക സിപിഎം സംസ്ഥാന നേതൃത്വമാകും.

ഇ പി ജയരാജൻ മാറി നിൽക്കുന്ന സാഹചര്യത്തിൽ അദ്ദേഹം നിലവിൽ പ്രതിനിധീകരിക്കുന്ന മട്ടന്നൂരിൽ ആരോ​ഗ്യമന്ത്രി കെ.കെ.ശൈലജയെ മത്സരിപ്പിക്കാനാണ് ജില്ലാ സെക്രട്ടേറിയറ്റിൻ്റെ തീരുമാനം. മട്ടന്നൂരിനൊപ്പം പേരാവൂരും കല്ല്യാശ്ശേരിയും ശൈലജയ്ക്ക് അനുയോജ്യമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ശൈലജ മത്സരിച്ച കൂത്തുപറമ്പ് സീറ്റ് ഘടകക്ഷിയായ എൽജെഡിക്ക് വിട്ടു കൊടുക്കാനാണ് നിലവിലെ ധാരണ.

നാല്-അഞ്ച് തീയതികളില്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തിലാകും ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുക. രണ്ടിലധികം തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണം എന്ന തീരുമാനം നടപ്പിലാക്കിയാല്‍ ഇ പി ജയരാജന്‍ ഇത്തവണ മത്സരിക്കില്ല. അദ്ദേഹം മത്സരിക്കണമെന്ന വികാരം പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്.

അ​തേ​സ​മ​യം, പി.ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ചു പരാജയപ്പെട്ട പി.ജയരാജൻ്റെ കാര്യത്തിൽ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് കണ്ണൂർ ഘടകം.