ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട്; പിന്നീട് വി മുരളീധരനെ അധ്യക്ഷനാക്കി

കൊല്ലം: ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലിനെത്തുടര്‍ന്ന്. ചടങ്ങിന്റെ സംഘാടകര്‍ പൊതുഭരണ വകുപ്പിന് നല്‍കിയ കാര്യക്രമത്തില്‍ അധ്യക്ഷനായി മുഖ്യമന്ത്രിയുടെ പേരുണ്ടായിരുന്നു. ഇത് അനുമതിക്കായി പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ മോഡിയുടെ ഓഫീസ് തിരിച്ചുനല്‍കിയ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ പേരില്ലായിരുന്നു. പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പേര് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയെ അധ്യക്ഷനായി നിശ്ചയിച്ച് നോട്ടിസ് തയാറാക്കിയിരുന്നു. പത്താം തീയതി സംഘാടകര്‍ നടത്തിയ പത്രസമ്മേളനത്തിലും ഇതേ നോട്ടീസാണ് വിതരണം ചെയ്തത്. അന്നുതന്നെ മൂന്നു മണിയോടെ സംഘാടകരും കൊല്ലം ജില്ലാ കളക്ടറും പൊതുഭരണ വകുപ്പിലേക്ക് അയച്ചുകൊടുത്ത കാര്യപരിപാടിക്രമത്തില്‍ ബിജെപി അധ്യക്ഷന്റെ പേരുണ്ടായിരുന്നില്ല. ഈ ലിസ്റ്റാണ് പൊതുഭരണ വകുപ്പില്‍ നിന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അന്തിമ പരിശോധനയ്ക്കു വേണ്ടി അയച്ചത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അംഗീകാരം ലഭിച്ച ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ പേരില്ല. പകരം ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്റെ പേര് കൂട്ടിച്ചേര്‍ത്തു. പരിപാടിയുടെ അധ്യക്ഷനെ തന്നെ ഒഴിവാക്കിയാണ് പുതിയ കാര്യക്രമം. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു പുറമേ, വെള്ളാപ്പള്ളിയുടെ സ്വാഗത പ്രസംഗവും പ്രതിമാ സ്ഥാപനകമ്മിറ്റി ചെയര്‍മാന്റെ നന്ദിയും മാത്രമേ പരിപാടിയിലുള്ളൂ. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി, പി.കെ. ഗുരുദാസന്‍ എംഎല്‍എ, മേയര്‍ ജി.രാജേന്ദ്ര ബാബു എന്നിവര്‍ക്കും ജില്ലയിലെ മറ്റു ജനപ്രതിനിധികള്‍ക്കും പ്രോട്ടോക്കോള്‍ അനുസരിച്ചു തന്നെയാണ് ഇടംനല്‍കിയിരിക്കുന്നത്.

r_sankar_statue copy

വെള്ളാപ്പള്ളി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, എസ്എന്‍ഡിപി യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ എന്നിവരും പ്രധാനമന്ത്രിക്കൊപ്പം വേദിയില്‍ ഉണ്ടാകും. ഏതു സംസ്ഥാനത്തേക്കുമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദര്‍ശനം ഔദ്യോഗികമായി കണക്കാക്കണമെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പരിപാടിയില്‍ മുഖ്യമന്ത്രിയുടെ പേര് ഒഴിവാക്കിയത്. പ്രോട്ടോക്കോള്‍ പ്രകാരം മുഖ്യമന്ത്രിയാണു ചടങ്ങില്‍ അധ്യക്ഷത വഹിക്കേണ്ടതെങ്കിലും പുതുക്കിയ പരിപാടിക്രമം പ്രകാരം അധ്യക്ഷനെ തന്നെ ഒഴിവാക്കി. പ്രധാനമന്ത്രി ആദ്യമായി ഒരു സംസ്ഥാനത്തേക്ക് എത്തുമ്പോള്‍, അതു സ്വകാര്യ ചടങ്ങാണെങ്കില്‍ പോലും, ഔദ്യോഗികമായി കണക്കാക്കണമെന്നാണ് പ്രോട്ടോക്കോള്‍. ഇതുപ്രകാരം പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതു ചടങ്ങില്‍ ഗവര്‍ണറോ, അദ്ദേഹം ഇല്ലെങ്കില്‍ മുഖ്യമന്ത്രിയോ ആയിരിക്കണം അധ്യക്ഷത വഹിക്കേണ്ടതും. ഗവര്‍ണറും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തണമെന്നും പ്രോട്ടോക്കോളില്‍ ഉണ്ട്. ഇതെല്ലാം ഇവിടെ നഗ്നമായി ലംഘിക്കപ്പെടുകയും കേരള മുഖ്യമന്ത്രിയെ അപമാനിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങി.

© 2024 Live Kerala News. All Rights Reserved.