ഉമ്മന്‍ചാണ്ടിയെ കെ കരുണാകരന്റെ പ്രേതം വേട്ടയാടുമ്പോള്‍ അഥവാ ചരിത്രം തിരിഞ്ഞുകുത്തുന്നു

എസ്.വിനേഷ് കുമാര്‍

10699834_855685981122970_5727893564833850541_o

പനമ്പിള്ളി ഗോവിന്ദമേനോന്റെ അരുമശിഷ്യനായി രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച കെ. കരുണാകരന് പനമ്പിളിയില്‍ നിന്ന് പകര്‍ന്നുകിട്ടിയ ചാണക്യസൂത്രങ്ങളെല്ലാം അതേപടി പ്രയോഗിക്കാനയത് കേരളരാഷ്ട്രീയ ചരിത്രം. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിരഗാന്ധിക്കൊപ്പം ഉറച്ചുനിന്ന ആശ്രിത വത്സലന്‍. അടിയന്തിരാവസ്ഥകാലത്ത് ആഭ്യന്തരമന്ത്രിയായപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴൊക്കെ അദേഹത്തിന്റെ കാര്‍ ചീറിപ്പാഞ്ഞിരുന്നതിലും വേഗത്തില്‍ വിവാദങ്ങളിലേക്ക് ചീറിപ്പാഞ്ഞ മനുഷ്യന്‍. എന്നാല്‍ കെ കരുണാകരനെയെല്ലാം കടത്തിവെട്ടി വിവാദങ്ങളിലേക്ക് അതിവേഗം ബഹുദൂരം പായുന്ന മറ്റൊരു മുഖ്യമന്ത്രി കേരളത്തില്‍ ഉണ്ടായിരിക്കുന്നു. അതാണ് കുഞ്ഞൂഞ്ഞെന്ന ഉമ്മന്‍ചാണ്ടി. ഇ എം എസ്സില്‍ തുടങ്ങി ഉമ്മന്‍ചാണ്ടിയില്‍ എത്തി നില്‍ക്കുന്ന കേരള മുഖ്യമന്ത്രിമാരുടെ പരമ്പരയില്‍ ഒരാളും ഇതു പോലൊരു ദുരവസ്ഥയില്‍ എത്തികാണില്ല. ഇ.എം.എസ് , ഇ.കെ നായനാര്‍, സി.അച്യുതമേനോന്‍, വി.എസ് അച്യുതാനന്ദന്‍ എന്നീ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെ മാറ്റി നിര്‍ത്തിയാല്‍ത്തന്നെ രാഷ്ട്രീയമായ എതിര്‍പ്പുകള്‍ അവരുടെ ഭരണകാലത്ത് പ്രതിപക്ഷം ഉയര്‍ത്തിയത് ഒഴിച്ചാല്‍ അവരുടെ വ്യക്തിത്വത്തെ ഹനിക്കുന്നതോ പൊതുജീവിതത്തെ അക്ഷേപിക്കുന്നതോ ആയ ഒരു ആരോപണവും ഒരു കാലത്തും ഉയര്‍ത്താന്‍ ആര്‍ക്കും ഇത്രത്തോളം ധൈര്യം ഉണ്ടായിട്ടുമില്ല, അവസരങ്ങള്‍ വന്നതുമില്ലെന്നുതന്നെ വേണം പറയാന്‍. കെ കരുണാകരനെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ടെങ്കിലും അതെല്ലാം രാഷ്ട്രീയമായിരുന്നു. രാഷ്ട്രീയപരമായിതന്നെ പ്രശ്‌നങ്ങളെ നേരിടാന്‍ ഭരണപക്ഷമയാലും പ്രതിപക്ഷമായാലും പ്രാപ്തമായിരുന്നുതാനും അക്കാലത്ത്. കരുണാകരനെ രണ്ടു തവണയും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഇറക്കിവിട്ടത് പ്രതിപക്ഷമായിരുന്നില്ല . പാര്‍ട്ടിയിലെ എതിര്‍വിഭാഗത്തിന്റെ ചരടുവലിതന്നെയായിരുന്നു. തികച്ചും ഫാബ്രിക്കേറ്റഡായ തെളിവുകള്‍ ഉപയോഗിച്ചുണ്ടാക്കിയ ചാരക്കേസാണ് കരുണാകരനെ ഏറെ വേട്ടയാടിയത്. അന്ന് കരുണാകരനെ പുകച്ചുപുറത്തുചാടിക്കാന്‍ അരയും തലയും മറുക്കി രംഗത്തിറങ്ങിയത് കുഞ്ഞൂഞ്ഞെന്ന നമ്മുടെ ഉമ്മന്‍ചാണ്ടിതന്നെയായിരുന്നു. ഒപ്പം നിന്ന എ കെ ആന്റണിയെ പുറത്താക്കാന്‍ കൊണ്ടും ശ്രമിച്ചതും ഇതിയാന്‍തന്നെയെന്നത് എല്ലാവര്‍ക്കും അറിയാവുന്ന സത്യം.

u8

1957ലെ ഇഎംഎസ് മന്ത്രി സഭയുടെ പ്രധാന വീഴ്ച്ചയ്ക്ക് കാരണം വിമോചനസമരവും ന്യൂനപക്ഷങ്ങളുടെ ശക്തമായ എതിര്‍പ്പുമായിരുന്നു. സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനം ലഭിക്കാത്തവരൊക്കെ മന്ത്രിസഭയ്ക്ക് എതിരായി. വിമോചനസമരകാലത്ത് പൊലീസ് വെടിയേറ്റ് ഫ്‌ളോറിയെന്ന ഗര്‍ഭിണി മരിച്ചതുള്‍പ്പെടെയുള്ള കാരണങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാറിനെ സസ്‌പെന്റ് ചെയ്യാന്‍ നെഹ്‌റുവില്‍ സമ്മര്‍ദ്ധം ചെലുത്തിയത് കോണ്‍ഗ്രസ് നേതൃത്വമായിരുന്നു. താല്‍പര്യമില്ലാതെയാണെങ്കിലും ഇഎംഎസ് മന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. പിന്നീട് ആറുപതിറ്റാണ്ടിനിടെ വന്ന മന്ത്രിസഭകളൊന്നുംതന്നെ നേരിടാത്ത അത്രത്തോളമുള്ള പ്രതിസന്ധിയിലൂടെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭ ഇപ്പോള്‍ കടന്നുപോകുന്നത്. തൊലിക്കട്ടിയുടെ ബലത്തില്‍ മുഖ്യന്‍ രാജിവെച്ചില്ലെന്ന പ്രത്യേകതമാത്രമേ ഈ മന്ത്രിസഭയ്ക്ക് അവകാശപ്പെടാനുള്ളു. ഉമ്മന്‍ചാണ്ടിയുടെ ആത്മബലമെന്ന് കോണ്‍ഗ്രസുകാര്‍പോലും ഇതിനെ വിശേഷിപ്പിക്കുന്നില്ല. സോളാര്‍ കേസില്‍ രാജിവെയ്‌ക്കേണ്ടിവന്നാല്‍ പിന്നെ ഉമ്മന്‍ചാണ്ടിയ്ക്ക് ഈ ജന്മത്തില്‍ മുഖ്യമന്ത്രിക്കസേരയിലേക്ക് തിരിഞ്ഞുനോക്കേണ്ടിവരില്ല. മുഖ്യമന്ത്രികസേരയിലിരിക്കാന്‍ കുപ്പായം തുന്നിയ രണ്ടുപേര്‍ ഇപ്പോള്‍ കാത്തുനില്‍ക്കുന്നുണ്ട്. വി എം സുധീരനും രമേശ് ചെന്നിത്തലയും. അടുത്ത തിരഞ്ഞെടുപ്പില്‍ ഭരണം ലഭിച്ചാല്‍തന്നെ ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ എ കെ ആന്റണിക്ക് പോലും തിട്ടമുണ്ടാകില്ല. എന്തായാലും പി കെ കുഞ്ഞാലിക്കുട്ടിയെപ്പോലെ ഒരു ഫീനിക്‌സ് പക്ഷിയാകാനുള്ള ശേഷി ഉമ്മന്‍ചാണ്ടിക്കുണ്ടാകില്ല. കുഞ്ഞാലിക്കുട്ടിയാണ് മുസ്ലിംലീഗ്. ഉമ്മന്‍ചാണ്ടിയല്ല കോണ്‍ഗ്രസ് എന്ന വ്യത്യാസമുള്ളിടത്തോളംകാലം. കെ കരുണാകരനോട് നീതി കാണിച്ചില്ലെന്ന് അവസരം കിട്ടുമ്പോഴൊക്കെ കെ മുരളീധരന്‍ പിറുപിറുക്കാറുണ്ട്. ഉറക്കെ പറയാന്‍ പഴയപോലുള്ള ധൈര്യം മുരളീധരനില്ലാത്തതുകൊണ്ടുതന്നെ. ആരുടെയൊക്കെ കൃപകൊണ്ട് പിഴച്ചുപോകുന്ന മുരളീധരനാകും ഉമ്മന്‍ചാണ്ടിയുടെ ഈ അവസ്ഥകൊണ്ട് ഏറെ സന്തോഷിക്കുന്നുണ്ടാകുക. കാരണം അത്രപെട്ടെന്ന് മറക്കാന്‍ കഴിയുന്നതായിരുന്നില്ല കെ കരുണാകരനോട് ഉമ്മന്‍ചാണ്ടി ചെയ്തതെന്ന് മുരളീധരനോളം മറ്റാരും മനസ്സിലാക്കികാണില്ല.

u6
മുഖ്യമന്ത്രി പദത്തിന്റെ അന്തസ്സ് ഉയര്‍ത്തി പിടിച്ച ഒരുപാട് രാഷ്ട്രീയനേതാക്കളാല്‍ സമ്പന്നമായിരുന്നു കേരളം. എന്നാല്‍ ഇന്നു കേരള മുഖ്യമന്ത്രിക്കെതിരെ എന്തും വിളിച്ചു പറയാന്‍ ആര്‍ക്കും ധൈര്യമുണ്ട്. കൊലക്കേസ് പ്രതിക്ക് പോലും. സോളാര്‍ കമ്മിഷന്റെ സിറ്റിങ്ങില്‍ ബിജു രാധാകൃഷ്ണന്‍ ആദ്യംപറയുന്നു ഉമ്മന്‍ചാണ്ടിക്ക് അഞ്ചര കോടി കോഴ കൊടുത്തെന്നാണ്. അതിന്റെ പിന്നാലെയാണ് സരിതാ എസ് നായരുമായി ലൈംഗിക ആരോപണം ഉന്നയിക്കുന്നത്്. എന്തു കൊണ്ടാണ് ബിജു രാധാകൃഷ്ണനെ പോലെ ഒരു ക്രിമിനല്‍ ഇത്തരത്തില്‍ എന്തും വിളിച്ചു പറയാന്‍ ധൈര്യം കാണിക്കുന്നത്? സരിത എന്ന കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകാരിയെ ഒരു സെലിബ്രിറ്റിയാക്കിയതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ വ്യക്തമായ പങ്കുണ്ട്. സോളാര്‍ കേസ് യഥാര്‍ഥത്തില്‍ കേരളം കണ്ട വലിയൊരു സാമ്പത്തികതട്ടിപ്പായിരുന്നിട്ടും ലൈംഗികപവാദക്കേസിന്റെ സ്വഭാവത്തിലേക്ക് ഇത് ചുരുങ്ങി. സരിതയുടെ ശരീരം പരമാവധി ആഘോഷിക്കപ്പെട്ടപ്പോള്‍ എതിര്‍സ്ഥാനത്ത് ഗണേഷ് കുമാറും അബ്ദുല്ലകുട്ടിയും ജോസ് കെ മാണിിയും ഹൈബി ഈഡനും അനില്‍കുമാറും ആര്യാടന്‍ ഷൗക്കത്തും ഒടുവില്‍ മുഖ്യമന്ത്രിയിലുമെത്തി ആരോപണശരം. സാമ്പത്തിക തട്ടിപ്പ് വിദഗ്ധമായി മൂടിവെയ്ക്കപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്രീകരിച്ച് നടന്ന സോളാര്‍ സാമ്പത്തിക തട്ടിപ്പിന്റെ ഉള്ളറകള്‍ അത്ര സുതാര്യമായിരുന്നില്ലെന്ന് പിന്നീട് പുറത്തേക്ക് വന്ന കഥകളിലൂടെ വ്യക്തം. ജോപ്പനും സലിംരാജുമുള്‍പ്പെടെ മുഖ്യമന്ത്രിയുടെ വിശ്വസ്തര്‍ പലരും കേസില്‍ നേരിട്ട് പ്രതികളായി. സ്വാഭാവികമായും രാജിവെയ്‌ക്കേണ്ട ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ പൊട്ടിയ നൂലില്‍ തൂങ്ങിയാടുന്നതാണ് പ്രബുദ്ധകേരളം കണ്ടത്. അഴിമതിയോട് സമരസപ്പെട്ടുകൊണ്ട് ലൈംഗികാരോപണകഥകളില്‍ അഭിരമിക്കുന്ന കേരളത്തിന്റെ ഗതികേടായി ഇതിനെ വിലയിരുത്തേണ്ടിവരും.

u5

ടി പി ചന്ദ്രശേഖരന്‍ വധവും പാര്‍ട്ടിയിലെ അനൈക്യവുംകൊണ്ട് പ്രതിസന്ധിയാലായ സിപിഎമ്മിന് പലപ്പോഴും പ്രതിപക്ഷത്തെ വീറോടെ നയിക്കാനായില്ലെന്ന യാഥാര്‍ഥ്യം മറച്ചുവെയ്ക്കാനാവുന്നതല്ല. വി എസ് അച്യുതാനന്ദന്റെ ഒറ്റപ്പെട്ട ശബ്ദത്തിനപ്പുറം സോളാര്‍ കേസില്‍ നടന്ന മാച്ച് ഫിക്സിംഗ് പിന്നീട് വലിയ ചര്‍ച്ചയാവുകയും ചെയ്തു.അരുവിക്കര തിരഞ്ഞെടുപ്പ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ വിജയമായി ആഘോഷിക്കപ്പെട്ടെങ്കിലും ഇടതുപക്ഷത്തിന്റെ ദുര്‍ബലമായ പ്രചാരണസംവിധാനവും ബിജെപിയിലേക്ക് സവര്‍ണ്ണ വോട്ടുകള്‍ ഒഴുകിയതും കാര്‍ത്തികേയന്‍ സഹതാപതരംഗവുമൊക്കെയായിരുന്നു അന്ന് യുഡിഎഫിനെ കരകയറ്റിയത്. പിന്നീടുണ്ടായ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലാകട്ടെ യുഡിഎഫിന് തിരിച്ചടിയുണ്ടായെങ്കിലും മുന്‍കാല വോട്ടിംഗ് നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എല്‍ഡിഎഫിന് കാര്യമായ ഗുണമൊന്നുമുണ്ടായതുമില്ല. ഈയൊരു പഴുതിലൂടെ പഴുതാര കണക്കെ ബിജെപി കേറിവരുന്നതാണ് പിന്നീട് കണ്ടത്. യുഡിഎഫിലും എല്‍ഡിഎഫിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തന്ത്രപരമായി ബിജെപി മുതലെടുക്കുന്നുന്നുവെന്ന് സാരം.

u3

വന്ന വഴികളിലേക്ക് കണ്ണുപായിക്കാത്ത ഉമ്മന്‍ചാണ്ടി ഇപ്പോഴായിരിക്കും പഴയ ചരിത്രങ്ങളൊക്കെ വീണ്ടും ഗൃഹപാഠം ചെയ്യാന്‍ തുടങ്ങിയിരിക്കുക. തന്ത്രങ്ങള്‍കൊണ്ടും കുതന്ത്രങ്ങള്‍കൊണ്ടും ഏതറ്റംവരെയും പോകാന്‍ ഉമ്മന്‍ചാണ്ടിയോളം മിടുക്കന്‍മാര്‍ ഇനി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ ഉണ്ടാവേരേണ്ടിയിരിക്കുന്നു. അഴിമതിയുടെ മലിനജലത്തില്‍ മൂക്കറ്റംപൊങ്ങി നില്‍ക്കുമ്പോഴും മൂക്കുപൊത്താതെ പോകണമെങ്കിലും അസാമാന്യം കഴിവുതന്നെ വേണം. ബിജുരാധാകൃഷ്ണന്റ സിഡി വിവാദത്തില്‍ യഥാര്‍ഥത്തില്‍ രക്ഷപ്പെട്ടത് ഉമ്മന്‍ചാണ്ടിതന്നെയാണ്. സെല്‍വപുരം ശെല്‍വിയുടെ കൃപാകടാക്ഷംകൊണ്ട് ഒന്നുമുണ്ടായില്ല. ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ ഭാവി നിശ്ചയിക്കാന്‍മാത്രം കെല്‍പ്പുള്ള ജ്യോതിഷികളെയാണ് കേരളം തേടുന്നത്.

© 2024 Live Kerala News. All Rights Reserved.