കൊല്ലത്ത് പ്രതിഷ്ഠിക്കാന്‍ പോകുന്നത് ആര്‍എസ്എസ് ശങ്കറിനെ; വെള്ളാപ്പള്ളിയെ രൂക്ഷമായി വിമര്‍ശിച്ച് വി എസ് അച്യുതാനന്ദന്‍ രംഗത്ത്

തിരുവനന്തപുരം: കൊല്ലത്ത് വെള്ളാപ്പള്ളി നടേശനും സംഘവും പ്രതിഷ്ഠിക്കാന്‍ പോകുന്നത് ആര്‍എസ്എസ് ശങ്കറിനെയന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാന്ദന്‍. ആര്‍ ശങ്കറിനെ അപമാനിക്കുന്നതിന് തുല്യമാണ്. സംഘ് പരിവാര്‍ ധര്‍മ്മപരിപാലനസംഘമായി എസ്എന്‍ഡിപി അധ:പതിച്ചു. മുഖ്യമന്ത്രിയെ ചടങ്ങില്‍ വിലക്കിയത് കേരള ജനതയോടുള്ള ധിക്കാരമാണെന്നും വിഎസ്. ഇത് കടുത്ത നീതികേടാണ്. മുഖ്യമന്ത്രി ക്ഷണിക്കുകയും പിന്നെ ഒഴിവാക്കുകയും ചെയ്തത് കടുത്ത നീതികേട് തന്നെയാണ്.
വെള്ളാപ്പള്ളി സംഘ്പരിവാറിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. ഇതൊരു അസാധാരണ നടപടിയാണെന്ന് എ കെ ആന്റണി പറഞ്ഞു. അതേസമയം വിവാദത്തിനില്ലെന്ന് ആര്‍ ശങ്കറിന്റെ പുത്രന്‍ മോഹന്‍ ശങ്കര്‍ വ്യക്തമാക്കി. മുഖ്യനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് മുസ്ലിംലീഗ്. ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കേണ്ടെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുടെ നിലപാട് അതീവ ദു:ഖകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന ആര്‍. ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി പങ്കെടുക്കുന്നത് ചില കേന്ദ്രങ്ങളില്‍ എതിര്‍പ്പുണ്ടാക്കുമെന്ന് വെള്ളാപ്പള്ളി അറിയിച്ചതിനാലാണ് താന്‍ പിന്മാറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കണമെന്നിരിക്കെ വെള്ളാപ്പള്ളിയുടെ നിലപാട് വലിയ വിവാദത്തിന് തിരികൊളുത്തും. പരിപാടിയില്‍ നിന്ന് ഒഴിഞ്ഞ് നിന്ന് സഹായിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ഫോണില്‍ വിളിച്ച് അഭ്യര്‍ത്ഥിച്ചു. അതേസമയം വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ വ്യാപകപ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.